ന്യൂഡൽഹി: ഫെയ്‌സ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം നീക്കംചെയ്ത സംഭവത്തിൽ മെറ്റ ഉന്നത ഉദ്യോഗസ്ഥൻ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞു. സോഷ്യൽ മീഡിയ വെബ്‌സൈറ്റിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് മെറ്റയുടെ ചീഫ് ഗ്ലോബൽ ഓഫീസർ ജോയൽ കാപ്ലൻ, കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിനോട് ഖേദം പ്രകടിപ്പിച്ചത്. ‘പ്രധാനമന്ത്രി മോദിയുടെ പോസ്റ്റ് ഒഴിവാക്കാനിടയായ പിഴവിന് മെറ്റയ്ക്ക് വേണ്ടി ഞാൻ മന്ത്രിയോട് മാപ്പ് ചോദിക്കുന്നു’, കാപ്ലന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മെറ്റയുടെ പ്രസ്താവനയിൽ പറയുന്നു.

ഐ.ടി. പാർലമെന്ററി സമിതി അധ്യക്ഷനും ബി.ജെ.പി. എം.പി.യുമായ നിഷികാന്ത് ദുബെയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും മാപ്പുപറച്ചിലും ഉണ്ടായത്. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്നും അല്ലെങ്കിൽ മെറ്റയ്ക്കുള്ള നിയമപരമായ പരിരക്ഷ പിൻവലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, ഡീപ്‌ഫേക്ക് വീഡിയോകൾ എന്നിവ പ്രത്യക്ഷപ്പെട്ടതിലും കമ്പനിയുടെ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളിലും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും പാർലമെന്ററി സമിതിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റാ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് മാപ്പപേക്ഷ ഉണ്ടായത്.