ഷിംല: ഹിമാചലിലെ കുളുവില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍. അന്നി ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മണ്ണിടിച്ചിലിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

കെട്ടിടങ്ങള്‍ തകര്‍ന്ന് മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് പതിച്ചതോടെ നിരവധി പേരാണ് കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. എൻ.ഡി.ആർ.എഫിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഷിംല, മാണ്ഡി, കുളു, ചാംപ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ മുതൽ മഴ വ്യാപകമായതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. 600-ലധികം റോഡുകൾ തകർന്നിട്ടുണ്ട്. സംസ്ഥാനത്തിന് ആകെ 8,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. 

കുളുവിൽ കൂറ്റൻ കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി സുഖ്‌വീന്ദര്‍ സിങ് സുഖു സ്ഥിരീകരിച്ചു. അപകടസാധ്യത തിരിച്ചറിഞ്ഞ് രണ്ട് ദിവസം മുൻപ് കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.