ന്യൂഡല്‍ഹി: മറാത്ത സംവരണ വിഷയത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ മഹാരാഷ്ട്ര എം.എല്‍.എ. പ്രകാശ് സോളെങ്കെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. സംവരണ പ്രക്ഷോഭം നടത്തുന്ന മനോജ് പട്ടീലിന്റെ നിരാഹാര സമരത്തിനെതിരെ എന്‍.സി.പി. നേതാവായ പ്രകാശ് സോളെങ്കെ നടത്തിയ പരാമര്‍ശമാണ് പ്രതിഷേധക്കാരെ പ്രകോപിച്ചത്.

To advertise here,

വീടിനെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ വീടിനുപുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനം നശിപ്പിക്കുകയും ചെയ്തു. 'അക്രമം നടക്കുമ്പോള്‍ താന്‍ വീടിനകത്തുണ്ടായിരുന്നു. തന്റെ കുടുംബത്തിനോ, സ്റ്റാഫിനോ പരിക്കുകളില്ല. എന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്' - പ്രകാശ് സോളെങ്കെ പറഞ്ഞു.

ആള്‍ക്കൂട്ടം വീടിനുനേരെ കല്ലെറിയുന്നതും, കെട്ടിടം കത്തുന്നതും, കറുത്തപുക ഉയരുന്നതുമെല്ലാം എ.എന്‍.ഐ. പങ്കുവെച്ച ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പൂര്‍ണമായ വീഴ്ചയാണിതെന്ന് എന്‍.സി.പി. കുറ്റപ്പെടുത്തി.

'മഹാരാഷ്ട്രയിലെ സര്‍ക്കാറിന്റെ വീഴ്ചയാണിത്. ഇന്ന് ഒരു എം.എല്‍.എ.യുടെ വീടിനാണ് തീയിട്ടത്. ഇപ്പോള്‍ ആഭ്യന്തരമന്ത്രി എന്തുചെയ്യുകയാണ്? ഇതവരുടെ ഉത്തരവാദിത്തമാണ്.'- എന്‍.സി.പി നേതാവ് സുപ്രിയ സുലേ പറഞ്ഞു. മറാത്ത സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാനായി റിട്ട. ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഉപദേശക സമിതികള്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ സംഭവം.