1991-ലെ ജൂണ്‍ മാസം. അന്ന് നെതര്‍ലന്‍ഡ്‌സില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മന്‍മോഹന്‍ സിങ്ങ് ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. നീണ്ട യാത്രയ്ക്കുശേഷം ക്ഷീണിതനായാണ് ഉറങ്ങാന്‍ കിടന്നത്. രാത്രി വളരെ വൈകിയിട്ടുണ്ടാകും അദ്ദേഹത്തിന്റെ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്തത് മന്‍മോഹന്‍ സിങ്ങിന്റെ മരുമകനായ വിജയ് തന്‍ഹയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവുവിന്റെ വിശ്വസ്ഥനായിരുന്ന പിസി അലക്‌സാണ്ടറായിരുന്നു ഫോണ്‍ വിളിച്ചത്. അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നും ഒന്ന് ഉണര്‍ത്താമോ എന്നുമായിരുന്നു അലക്‌സാണ്ടര്‍ ചോദിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മന്‍മോഹന്‍ സിങ്ങും അലക്‌സാണ്ടറും കൂടിക്കാഴ്ച്ച നടത്തി. 

To advertise here,

മന്‍മോഹന്‍ സിങ്ങിനെ ധനകാര്യ മന്ത്രിയായി നിയമിക്കാനുള്ള നരസിംഹ റാവുവിന്റെ പദ്ധതിയെ കുറിച്ച് അലക്‌സാണ്ടര്‍ മന്‍മോഹനോട് പറഞ്ഞു. പക്ഷേ അന്നത്തെ യുജിസി ചെയര്‍മാനായിരുന്ന മന്‍മോഹന്‍ സിങ്ങ് അലക്‌സാണ്ടറുടെ വാക്കുകളെ ഗൗരവമായി എടുത്തില്ല. 

കുടുംബാംഗങ്ങളുമായി ഇക്കാര്യം സംസാരിച്ചപ്പോഴും പ്രതീക്ഷിച്ചതുപോലെ അവര്‍ എതിര്‍ത്തു. കുറച്ച് കാലം മുമ്പ് മാത്രം ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മന്‍മോഹന്റെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ മന്‍മോഹന്‍ സിങ്ങിന് കൃത്യമായ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. 

പക്ഷേ മറുവശത്ത് നരസിംഹ റാവു തീരുമാനത്തില്‍ ഉറച്ചുനിന്നു. ജൂണ്‍ രണ്ടിന് യുജിസി ഓഫീസിലായിരുന്ന മന്‍മോഹനോട് വീട്ടില്‍പോയി ഭംഗിയായി വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറായി വരാന്‍ പ്രധാനമന്ത്രി പറഞ്ഞു. അന്ന് പുതിയ ടീമിലെ അംഗത്തെ കണ്ട് എല്ലാവരും അമ്പരന്നുവെന്നും മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ധമന്‍ സിങ്ങ് എഴുതിയ 'Strictly Personal, Manmohan and Gursharan' എന്ന പുസ്തകത്തിൽ പറയുന്നു. 

ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവായി മാറുകയും ചെയ്തു ആ നിയമനം. 1991 മുതല്‍ 1996 വരെ മന്‍മോഹന്‍ സിങ്ങ് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.