ബെംഗളൂരൂ: റെയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഗതാഗത പുനഃസ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

To advertise here,

പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു - യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജോലികൾ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി യന്ത്രങ്ങളും കൂടുതൽ തൊഴിലാളികളെയും ഉപയോഗിച്ച് പാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

അപകടത്തെത്തുടർന്ന് മംഗളൂരു ജംഗ്ഷൻ - യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ - മംഗളൂരു ജംഗ്ഷൻ (16575) എന്നീ സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട മുരുഡേശ്വർ എക്സ്പ്രസ് (16585), കോഴിക്കോട് എക്സ്പ്രസ് (16511) എന്നിവ ഹസനിൽ യാത്ര അവസാനിപ്പിച്ചു. കൂടാതെ വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഹസനിലും, ബെംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേഷ്പുരിലും യാത്ര അവസാനിപ്പിക്കേണ്ടി വന്നു. കോഴിക്കോട് - ബെംഗളൂരു എക്സ്പ്രസ് (16512) കബക പുത്തൂരിലും, മംഗളൂരു - വിജയപുര എക്സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സർവീസ് അവസാനിപ്പിച്ചു.