ജയ്പുര്‍: എയര്‍കൂളര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഈരിയതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന നാല്‍പതുകാരന്‍ മരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ മഹാറാവു ഭീംസിങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് സംഭവം. രോഗിയുടെ കുടുംബാംഗങ്ങളാണ് വെന്റിലേറ്ററിന്റെ പ്ലഗ് അഴിച്ചു മാറ്റി എയര്‍കൂളര്‍ ബന്ധിപ്പിച്ചത്. 

കോവിഡ്-19 രോഗിയാണെന്ന സംശയത്തില്‍ ജൂണ്‍ 13 നാണ് ഇയാളെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവാണെന്ന് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 15 ന് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന മറ്റൊരു രോഗി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു അത്. 

ഐസൊലേഷന്‍ വാര്‍ഡില്‍ ഉഷ്ണം അധികമായതിനാല്‍ രോഗിയുടെ കുടുംബാംഗങ്ങള്‍ പുറത്തുനിന്ന് എയര്‍കൂളറെത്തിച്ചു. മുറിയില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച ഒരു സോക്കറ്റ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ പ്ലഗ് ഊരി എയര്‍കൂളറിന്റെ പ്ലഗ് ബന്ധിപ്പിച്ചു. അരമണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായി. 

ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും ഇയാള്‍ മരിച്ചു. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ മൂന്നംഗകമ്മിറ്റിയെ നിയമിച്ചു. ശനിയാഴ്ച അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോടാവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. 

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നവീന്‍ സക്‌സേന അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഡോ. സക്‌സേന സൂചിപ്പിച്ചു. വെന്റിലേറ്ററിന്റെ പ്ലഗ് അഴിക്കുന്നതിന് മുമ്പ് ബന്ധുക്കള്‍ അനുമതി തേടിയിരുന്നിലെന്നും ആശുപത്രി ജീവനക്കാരോടു മോശമായി പെരുമാറിയതായും അദ്ദേഹം അറിയിച്ചു. 

Content Highlights: Man Dies After Family Members Unplug Ventilator To Plug In Cooler