ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗംവിളിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്ററി കക്ഷിനേതാക്കളുടെ യോഗം ശനിയാഴ്ച ഖാർഗെയുടെ വസതിയിൽ നടക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്യും. 

To advertise here,

അടുത്തയാഴ്ച ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജെഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇവർ നിലവിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമല്ല. നവംബർ 30-ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും ചേരും. ഡിസംബർ മൂന്നിന് സമ്മേളനം അവസാനിക്കും. 

അതേസമയം, തമിഴ്‌നാടിന്റെ നിലവിലെ സീറ്റ് വിഹിതം ഒരു കാരണവശാലും കുറയരുതെന്ന് ആവശ്യപ്പെട്ട് മണ്ഡല പുനർനിർണയത്തിനെതിരെ മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിട്ടുണ്ട്. നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വനിതാ സംവരണവുമായി ബന്ധപ്പെട്ടതല്ലെന്നും മണ്ഡല പുനർനിർണയത്തിനുള്ളതാണെന്നുമാണ് കോൺഗ്രസ് ആരോപണം. സമ്മർദത്തിലായ പ്രധാനമന്ത്രി ധൃതി പിടിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഖാർഗെയുടെ ക്ഷണത്തോട് ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷപാർട്ടികൾ എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്.