ന്യൂഡൽഹി: ഫേസ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ പോലീസ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയുടെ ഹർജി സുപ്രീം കോടതി തള്ളി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ അനുമതി നൽകണമെന്നായിരുന്നു മഹുവയുടെ ആവശ്യം.
തന്റെ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തുമ്പോൾ ജനക്കൂട്ടം ആക്രമിക്കാൻ സാധ്യതയുണ്ടെന്നും മുൻപ് മുട്ടയേറുണ്ടായിട്ടുണ്ടെന്നും മഹുവയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു. എന്നാൽ, രാഷ്ട്രീയത്തിലിറങ്ങിയ ഒരാൾ മുട്ടയേറിനെ ഭയപ്പെടുന്നത് ശരിയല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികൾ നെഞ്ചിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങിയവരാണെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വരേണ്ടവ പോലുമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ജൂണിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ട് വീഡിയോകളിലെ പരാമർശങ്ങളെത്തുടർന്ന് ഒരു ബിജെപി നേതാവ് നൽകിയ പരാതിയിലാണ് മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന മഹുവയുടെ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി നേരത്തെ ഇടക്കാല സംരക്ഷണം നൽകിയിരുന്നെങ്കിലും ആഗസ്റ്റ് 14-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. അന്വേഷണ ഏജൻസിയോട് സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും അത് പാലിക്കാത്ത പക്ഷം നിയമനടപടികൾ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Content Highlights: Supreme Court rejects Mahua Moitra's request to appear via video conferencing., Court dismisses safety concerns regarding public protests and egg-throwing incidents., Justices Dipankar Datta and Sheel Nagu question the MP's reluctance to face investigation., Court maintains that MPs must cooperate with law enforcement agencies., Petitioner withdrew the plea after the bench expressed strong disapproval.
Published: 07 Aug 2026, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented