ഒപ്പമുള്ളവരെ നിലനിർത്താനുള്ള കടുത്ത ശ്രമത്തിലാണ് ചോദ്യങ്ങളും സംശയങ്ങളുമയർത്തിക്കൊണ്ട് മഹുവയുടെ പ്രസ്താവനകൾ പുറത്തുവരുന്നത്

കൊൽക്കത്ത: രാഷ്ട്രീയനിലപാടുകളിൽ വ്യത്യാസമാണെങ്കിലും സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഒന്നിച്ച് പ്രവർത്തിച്ചിരുന്ന കാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മാനസികമായി തകർന്നപ്പോൾ ആശ്വസിപ്പിക്കാൻ അദ്ദേഹമുണ്ടായിരുന്നുവെന്നും മഹുവ പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മഹുവയുടെ പരാമർശങ്ങൾ. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ മഹുവ തന്നെ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആഭ്യന്തരപ്രശ്‌നങ്ങളും വിമതനീക്കങ്ങളും തൃണമൂൽ കോൺഗ്രസിനെ ചൂഴ്ന്നുനിൽക്കുന്ന ഘട്ടത്തിലാണ് മഹുവയുടെ അഭിമുഖം പുറത്തുവരുന്നത്. അധികാരത്തിലുള്ള ബിജെപി സർക്കാർ മമതയോട് അടുത്തുനിൽക്കുന്ന തൃണമൂൽ നേതാക്കൾക്കെതിരേ വിവിധ കേസുകളിൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിലാണ് മമതയുടെ വലംകൈ എന്ന് വിശേഷിപ്പിക്കുന്ന മഹുവയുടെ അഭിമുഖം പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം.
'വ്യക്തിപരമായി എനിക്ക് സുവേന്ദു അധികാരിയുമായി വളരെനല്ല ബന്ധമാണുള്ളത്. ഞങ്ങൾ ഒന്നിച്ച് തൃണമൂലിൽ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹമെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എനിക്ക് സീറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ, അവസാന നിമിഷം അത് നിഷേധിക്കപ്പെട്ടു. അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു.
ആ സമയത്ത് എന്നെ ആശ്വസിപ്പിക്കാനും കൂടെനിൽക്കാനും സുവേന്ദു അധികാരി മാത്രമാണുണ്ടായിരുന്നത്. 2016-ൽ കരിംപൂരിൽനിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തൃണമൂലിലെ മുതിർന്ന നേതാക്കളാരും തനിക്കായി പ്രചാരണത്തിന് എത്തിയില്ല. എന്നാൽ, തന്റെ ആദ്യ റാലി നയിച്ചത് സുവേന്ദു അധികാരിയായിരുന്നുവെന്നും മഹുവ പറയുന്നുണ്ട്. സുവേന്ദു മറ്റൊരു പാർട്ടിയിലേക്ക് പോയി. അതിനാൽ ഇപ്പോൾ പരസ്പരം അധികം സംസാരിക്കാറില്ല. പക്ഷെ, അദ്ദേഹം ചെയ്ത സഹായങ്ങൾ താൻ ഒരിക്കലും മറക്കില്ലെന്നും മഹുവ പറഞ്ഞു.
2020-ൽ മമതയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് വിട്ടത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയും ചെയ്തു. കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് മഹുവ.
ഒപ്പമുള്ളവരെ നിലനിർത്താനുള്ള കടുത്ത ശ്രമത്തിലാണ് ചോദ്യങ്ങളും സംശയങ്ങളുമുയർത്തിക്കൊണ്ട് മഹുവയുടെ പ്രസ്താവനകൾ പുറത്തുവരുന്നത്. മഹുവയെ അടുത്തിടെ പാർട്ടിയുടെ ദേശീയ വർക്കിങ് കമ്മിറ്റിയിൽ മമത ഉൾപ്പെടുത്തിയിരുന്നു. സുവേന്ദു ഉൾപ്പെടെയുള്ളവർ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനെ 'ശുദ്ധീകരണം' എന്നാണ് മഹുവ വിശേഷിപ്പിച്ചത്. കാലങ്ങളായി മമതയ്ക്ക് ചെയ്യാൻ കഴിയാത്തതാണ് സുവേന്ദുവും ബിജെപിയും ഒറ്റദിവസംകൊണ്ട് ചെയ്തതെന്നും അതിന് നന്ദി പറയുന്നുവെന്നും അന്ന് മഹുവ പരിഹസിച്ചിരുന്നു.
Content Highlights: Mahua Moitra acknowledges personal support from Suvendu Adhikari during her early career., The interview highlights the contrast between their current political rivalry and past camaraderie., Moitra recalls Adhikari's support during the 2014 seat denial and 2016 campaign., Contextualizes the internal dynamics of TMC amidst ongoing political shifts in West Bengal.
Published: 24 Jun 2026, 06:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented