മുംബൈ: നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിച്ച് വിവാദത്തില്‍പ്പെട്ട മണിക്‌റാവു കൊക്കാട്ടെയെ കൃഷിമന്ത്രി സ്ഥാനത്തുനിന്ന് നീക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പകരം കായിക, യുവജനക്ഷേമ വകുപ്പാണ് മണിക്‌റാവുവിന് നല്‍കിയിരിക്കുന്നത്. പുതിയ കൃഷിമന്ത്രിയായി ദത്താത്രേയ ഭര്‍ണേ ചുമതലയേല്‍ക്കും. മണിക്‌റാവു നിയമസഭയ്ക്കുള്ളില്‍ റമ്മി ഗെയിം കളിക്കുന്ന ദൃശ്യങ്ങള്‍ എന്‍സിപി (എസ്പി) എംഎല്‍എ രോഹിത് പവാറാണ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. ഇതോടെ വിവിധ കോണുകളില്‍നിന്ന് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

To advertise here,

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു രോഹിത് പവാറിന്റെ വിമര്‍ശനം. പ്രതിദിനം എട്ട് കര്‍ഷ ആത്മഹത്യ നടക്കുന്ന സംസ്ഥാനത്ത് കൃഷിമന്ത്രിക്ക് വേറെ പണിയൊന്നുമില്ലാത്തതിനാലാണ് റമ്മി ഗെയിം കളിക്കുന്നതെന്നും രോഹിത് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ മണിക്‌റാവു തള്ളിയിരുന്നു. താന്‍ ഗെയിം കളിക്കുക അല്ലായിരുന്നുവെന്നും ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നതെന്നും വീഡിയോയുടെ മുഴുവന്‍ ഭാഗവും പുറത്തിറങ്ങിയാല്‍ സത്യം ബോധ്യമാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം, ഇതുസംബന്ധിച്ച് നിയമസഭയില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്‌റാവു 18 മുതല്‍ 22 മിനിറ്റോളം ഗെയിം കളിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മണിക്‌റാവുവിന് എതിരെ സര്‍ക്കാരിന്റെ നടപടി വന്നത്. ഇതാദ്യമായില്ല മണിക്‌റാവുവിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. കര്‍ഷകരെ ഭിക്ഷാടകരുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമർശത്തിന് മണിക്‌റാവു വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.