മുംബൈ: അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം.) വിശ്വാസ്യതയെ ചോദ്യംചെയ്ത് സോലാപുർ ജില്ലയിലെ മാൽഷിറാസ് താലൂക്കിലെ മാർക്കഡ്‌വാഡി ഗ്രാമവാസികൾ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്താൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിൽ സംശയമുള്ള ഗ്രാമവാസികൾ, ഈ സംരംഭത്തിന് സ്വയം സഹായധനം നൽകിക്കൊണ്ടാണ് പരമ്പരാഗത ബാലറ്റ് പേപ്പർ വോട്ടിങ്ങ് നടത്തുന്നത്. ബി.ജെ.പി. സ്ഥാനാർഥിയും മുൻ എം.എൽ.എ.യുമായ രാം സത്പുത്തെ ഗ്രാമത്തിൽ 1003 വോട്ടുകൾ നേടിയപ്പോൾ ശരദ് പവാറിന്റെ എൻ.സി.പി. സ്ഥാനാർഥി ഉത്തം ജാങ്കറിന് 843 വോട്ടുകൾ ലഭിച്ചു.
2009, 2014, 2019 എന്നീ വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ മത്സരങ്ങളിലും മാർകഡ്‌വാഡിയിൽനിന്ന് ജാങ്കറിന് സ്ഥിരമായി വൻപിന്തുണ ലഭിച്ചിട്ടുണ്ട്. ഇത്തവണ ജാങ്കറിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇത് ഇ.വി.എമ്മുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് കാരണമായി. ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പ്രതീകാത്മക ബാലറ്റ് വോട്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാറിന് ജാങ്കർ അനുകൂലികൾ കത്ത് നൽകിയിരുന്നു .
അച്ചടിച്ച ബാലറ്റ് പേപ്പറുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന വോട്ടിങ് രാവിലെ ഏഴുമുതൽ വൈകുന്നേരം നാലുവരെയാണ്. തുടർന്ന് ഉടനടി വോട്ടെണ്ണൽ നടത്താനും അവർ പദ്ധതിയിട്ടിട്ടുണ്ട്.
നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ മേൽനോട്ടം വേണമെന്ന് ജാങ്കർ സംഘം അഭ്യർഥിക്കുകയും പരിശീലനത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ വാഗ്ദാനം ചെയ്യുകയുംചെയ്തു. എന്നിരുന്നാലും, അത്തരമൊരു നടപടിയെ ഔദ്യോഗികമെന്ന് വിളിക്കാനാവില്ലെന്നും അതിന് സാധുതയില്ലെന്നുമാണ് തഹസിൽദാരുടെ ഓഫീസ് അറിയിച്ചത്.
ഇതിന്റെ നിയമസാധുതയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല. എന്നാൽ വോട്ടെടുപ്പ് തടയാൻ ഇവിടെ കനത്ത പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Content Highlights: Maharashtra villagers conduct a symbolic ballot to question the reliability of EVMs
Published: 03 Dec 2024, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented