മുംബൈ: രാജ്യത്ത് വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ കലാലയങ്ങളിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ പുനരാരംഭിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിന് സമ്മർദമേറുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തെ ക്യാമ്പസുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അടുത്തിടെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ആയിരക്കണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങിയതോടെയാണ്, സ്വന്തം ക്യാമ്പസുകളിൽ വോട്ടവകാശമില്ലാത്തതിനെക്കുറിച്ചുള്ള ചർച്ചകൾ വിദ്യാർഥികൾക്കിടയിൽ ശക്തമായത്.

To advertise here,

1989 ഒക്ടോബറിൽ മുംബൈയിലെ ഒരു കോളേജിൽ തിരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ എൻ.എസ്.യു.ഐ വിദ്യാർഥി നേതാവ് ഓവൻ ഡിസൂസ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളാണ് മഹാരാഷ്ട്രയിൽ ക്യാമ്പസ് തിരഞ്ഞെടുപ്പുകൾ നിരോധിക്കാൻ കാരണമായത്. ക്യാമ്പസുകളിൽ അക്രമം വർധിക്കുന്നതിനെതിരെ പൊതുജനരോഷം ശക്തമായതോടെ, 1994-ലെ മഹാരാഷ്ട്ര യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം നേരിട്ടുള്ള വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ സർക്കാർ നിരോധിച്ചു. ക്രമസമാധാന പ്രശ്നങ്ങളായിരുന്നു അന്ന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. 

പിന്നീട് 2016-ൽ നിയമനിർമാണത്തിലൂടെ തിരഞ്ഞെടുപ്പ് തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ നടന്നു. കലാലയങ്ങളിൽ പുതിയ നേതൃത്വങ്ങൾ വളർന്നുവരേണ്ടത് അത്യാവശ്യമാണെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ വാദിച്ചു. 2018-19 കാലഘട്ടത്തിൽ സർവകലാശാലകൾ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും തീയതികൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അവസാനനിമിഷത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള മാതൃകാ പെരുമാറ്റച്ചട്ടവും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കലാലയ തിരഞ്ഞെടുപ്പുകൾ മാറ്റിവെക്കാൻ സർക്കാർ ഉത്തരവിട്ടു.

തിരഞ്ഞെടുപ്പുകൾ പുനരാരംഭിക്കാൻ പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല. നിലവിലെ പല മുതിർന്ന രാഷ്ട്രീയ നേതാക്കളും ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ വളർന്നുവന്നവരാണെങ്കിലും ഇന്നത്തെ യുവജനങ്ങൾക്ക് അത്തരം വേദികൾ നിഷേധിക്കപ്പെടുകയാണെന്നാണ് പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയൻ പോലുള്ള പല വിദ്യാർഥി സംഘടനകളും ആരോപിക്കുന്നത്.

നിലവിൽ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്നത് സർവകലാശാല അധികൃതർ നേരിട്ട് നാമനിർദേശംചെയ്യുന്ന കൗൺസിലുകളാണ്. എന്നാൽ, ഇത്തരം കൗൺസിലുകൾക്ക് വിദ്യാർഥികളുമായി അടുത്ത ബന്ധമില്ലെന്നും അവർ അക്കാദമിക് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെന്നും വിമർശനമുണ്ട്. രാഷ്ട്രീയ കുടുംബങ്ങളിലെ പിൻഗാമികൾക്ക് ക്യാമ്പസുകളിൽനിന്ന് പുതിയ നേതാക്കൾ ഉയർന്നുവരുന്നത് ഭയമാണെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുന്നതെന്നും വിവിധ യുവജന സംഘടനകൾ ആരോപിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ വിദ്യാർഥി പ്രതിഷേധങ്ങൾ നേരിടാൻ സർക്കാരിന് കഴിയാത്തത് ക്യാമ്പസുകളിൽ കൃത്യമായ നേതൃത്വമില്ലാത്തതുകൊണ്ടാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ അനിവാര്യമാണെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ  ആരംഭിക്കുമെന്നും വിദ്യാർഥി സംഘടനകൾ പറഞ്ഞു.