ചെന്നൈ: മധുര, തിരുപ്പരങ്കുണ്ട്രം സിക്കന്ദർ ബാദുഷ ദർഗയിലെ ചന്ദനക്കൂട് ഉറൂസിന് മദ്രാസ് ഹൈക്കോടതി കർശന ഉപാധികളോടെ അനുമതി നൽകി. ജനുവരി ആറിന് ചന്ദനക്കുടം ഉറൂസ് മാത്രമേ നടത്താവൂ. മൃഗബലി പാടില്ല. മലമുകളിൽ സസ്യേതര ഭക്ഷണം പാകം ചെയ്യാനും പാടില്ല.

To advertise here,

ഹിന്ദു, മുസ്‌ലിം മതവിശ്വാസികൾ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പരങ്കുണ്ട്രം മലയുടെ മുകളിൽ സിക്കന്ദർ ബാദുഷ ദർഗയും താഴെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമാണ്. ദർഗയിലെ ചന്ദനക്കൂട് ഉറൂസിനൊപ്പം കന്ദൂരി മഹോത്സവം നടക്കാറുണ്ട്. മൃഗബലിയും മാംസഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതും ഇതിന്റെ ഭാഗമാണ്. തർക്കങ്ങളെത്തുടർന്ന് 2023 മുതൽ മൃഗബലിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ഈ വർഷത്തെ ഉറൂസിനൊപ്പം കന്ദൂരി നടത്താൻ ദർഗ ഭരണസമിതി ഒരുക്കങ്ങൾ നടത്തുന്നതായി കാണിച്ച് എം. മാണിക്കമൂർത്തി എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃഗബലിയും മാംസഭക്ഷണം പാചകം ചെയ്യുന്നതും കന്ദൂരിയുടെ ഭാഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഇതേത്തുടർന്നാണ് അത് രണ്ടും വിലക്കിക്കൊണ്ട് ജസ്റ്റിസ് ആർ. ശ്രീമതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സമയം 50-ൽ കൂടുതലാളുകളെ മലമുകളിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

തിരുപ്പരങ്കുണ്ട്രം മലയിൽ ദർഗയ്ക്കടുത്തുള്ള ദീപത്തൂണിൽ തൃക്കാർത്തിക ദിവസം വിളക്കു കൊളുത്താൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് ഉത്തരവിട്ടത് നേരത്തേ വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിട്ടില്ല. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കാണിച്ച് മലമുകളിൽ വിളക്കു കൊളുത്താൻ ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നില്ല. ഇതിനെച്ചൊല്ലിയുള്ള കോടതിയലക്ഷ്യക്കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്.