
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. 2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശങ്ങൾ നടത്തിയത്. ദ്രാവിഡ കഴകവും (ഡി.കെ) തുടർന്ന് ഡി.എം.കെ ( ദ്രാവിഡ മുന്നേറ്റ കഴകം)വും 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും മന്ത്രി അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന ആശങ്കയും കോടതി രേഖപ്പെടുത്തി.
"കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകവും തുടർന്ന് ദ്രാവിഡ മുന്നേറ്റ കഴകവും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് വ്യക്തമാണ്, മന്ത്രി ആ കൂട്ടത്തിൽപ്പെട്ടയാളാണ്. മൊത്തത്തിലുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, മന്ത്രിയുടെ പ്രസംഗത്തിൽ മറഞ്ഞിരിക്കുന്ന അർഥം ഹർജിക്കാരൻ ചോദ്യം ചെയ്തതായി കാണുന്നു," ഹൈക്കോടതി നിരീക്ഷിച്ചു."വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ ശിക്ഷിക്കപ്പെടാതെ വിട്ടയയ്ക്കപ്പെടുന്നു, അതേസമയം അത്തരം വിദ്വേഷ പ്രസംഗങ്ങളോട് പ്രതികരിക്കുന്നവർ നിയമത്തിന്റെ കോപത്തിന് ഇരയാകുന്നു എന്നത് വേദനാജനകമായി ഈ കോടതി രേഖപ്പെടുത്തുന്നു. കോടതികൾ പ്രതികരിക്കുന്നവരെ ചോദ്യം ചെയ്യുന്നു, എന്നാൽ വിദ്വേഷ പ്രസംഗം ആരംഭിച്ചവർക്കെതിരെ നിയമം നടപ്പാക്കുന്നില്ല," കോടതി കൂട്ടിച്ചേർത്തു.
ഉദയനിധി സ്റ്റാലിൻ ഉപയോഗിച്ച വാക്കുകൾ വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും അത് വിദ്വേഷ പ്രസംഗമാണെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഉദയനിധിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ലെന്നും മറ്റ് ചില സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശങ്ങൾ. "ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഉന്മൂലനം ചെയ്യപ്പെടണം. പകർച്ചപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല; അവയെ നശിപ്പിക്കാൻ നമുക്ക് കഴിയണം. അതുപോലെ, സനാതനത്തെ എതിർക്കുന്നതിനു പകരം അതിനെ ഉന്മൂലനം ചെയ്യണം.", ഉദയനിധി പറഞ്ഞു. സാമൂഹിക നീതിക്കും സമത്വത്തിനും സനാതന ധർമ്മം അടിസ്ഥാനപരമായി എതിരാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനങ്ങളെ അത് ഉറപ്പിക്കുന്നുവെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
2025 ജനുവരിയിൽ, 'സനാതന ധർമ്മ' പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള മൂന്ന് റിട്ട് ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി നിരാകരിച്ചു. മേയ് മാസത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിക്കുന്ന സമയത്താണ് ഉദയനിധി സ്റ്റാലിന് ഹൈക്കോടതിയുടെ ഈ തിരിച്ചടി.
Content Highlights: Madras High Court observed Udhayanidhi Stalin`s remarks on Sanatana Dharma as hate speech, sparking political debate. Learn more about the ruling and its implications.
Published: 21 Jan 2026, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented