ന്യൂഡല്‍ഹി: ഇന്ത്യയിലെ കളിപ്പാട്ടവ്യവസായം കുതിക്കുന്നതായി കണക്കുകള്‍. 2015-നെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തു. ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിനുവേണ്ടി ലഖ്‌നൗ ഐ.ഐ.എം. നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

To advertise here,

സാങ്കേതികവിദ്യയിലെ മുന്നേറ്റം, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ബ്രാന്‍ഡ് നിര്‍മാണത്തില്‍ നിക്ഷേപം തുടങ്ങിയ നടപടികളിലൂടെയാണ് ഇത് സാധ്യമാകുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലത്ത് കളിപ്പാട്ട നിര്‍മാണ കേന്ദ്രങ്ങളുടെ എണ്ണം രാജ്യത്ത് ഇരട്ടിയായി. ഇതോടെ ഇന്ത്യന്‍ കളിപ്പാട്ടവിപണിക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യം കുറഞ്ഞു. 

ഇറക്കുമതി ഇക്കാലയളവില്‍ 33 ശതമാനത്തില്‍നിന്ന് 12 ശതമാനമായി. കളിപ്പാട്ട കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കളിപ്പാട്ടമേഖലയുടെ കേന്ദ്രങ്ങളായി പറയുന്ന ചൈന, വിയറ്റ്നാം രാജ്യങ്ങളുടെ അടുത്തേക്ക് ഇന്ത്യയെക്കൂടി എത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

കളിപ്പാട്ടങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2020 ഫെബ്രുവരിയില്‍ 20 ശതമാനത്തില്‍നിന്ന് 60 ശതമാനമായും തുടര്‍ന്ന് 2023 മാര്‍ച്ചില്‍ 70 ശതമാനമായും ഉയര്‍ത്തി. 2023-ലെ കണക്ക് പ്രകാരം 9600-ലധികം കളിപ്പാട്ടനിര്‍മാണ യൂണിറ്റുകള്‍ ഉണ്ട്. ജര്‍മനിയില്‍ നടന്ന അന്താരാഷ്ട്ര കളിപ്പാട്ടമേളയില്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ലഭിച്ചത് 84.47 കോടിയുടെ ഓര്‍ഡര്‍.