ന്യൂഡൽഹി: ഇറാനിലെ യുദ്ധപശ്ചാത്തലം മൂലമുണ്ടായ സമ്മർദത്തെ തുടർന്ന് നിരവധി പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള എൽപിജി ഏജൻസികൾക്ക് പുറത്ത് ഒഴിഞ്ഞ എൽപിജി സിലിണ്ടറുകളുമായി കാത്തുനിൽക്കുന്ന ഉപഭോക്താക്കളുടെ നീണ്ട നിരയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായ ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിലെ ബർഡ്പൂർ ഗ്രാമത്തിൽ നിന്നുള്ള വീഡിയോയിലാകട്ടെ ഗ്യാസ് ഏജൻസിക്ക് പുറത്ത് തങ്ങളുടെ ഒഴിഞ്ഞ എൽപിജി സിലിണ്ടറുകളുമായി നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്ന ദൃശ്യമാണുള്ളത്. ഔദ്യോഗിക ഉറപ്പുകൾ ഉണ്ടായിരുന്നിട്ടും നിരവധി സംസ്ഥാനങ്ങളിൽ പരിഭ്രാന്തി നിറഞ്ഞ വാങ്ങലുകളുടെ ചിത്രങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട നീണ്ട ക്യൂകൾ തിങ്കളാഴ്ചയും തുടർന്നു.

To advertise here,

എൽപിജി സിലിണ്ടറുകൾക്കായി ചില നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ക്യൂ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും യഥാർഥത്തിൽ ആശങ്കാകരമായ ഒരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഇറാൻ യുദ്ധം കാരണം വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്നുണ്ടായ പരിഭ്രാന്തി മുതലെടുക്കാൻ ചില വിതരണക്കാരുടെ നീക്കമായിരിക്കാം ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള ഒരാൾ, കരിഞ്ചന്തയിൽ 1500 രൂപയ്ക്ക് ഗാർഹിക എൽപിജി സിലിണ്ടർ വാങ്ങിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ നാലഞ്ച് ദിവസമായി പരിഭ്രാന്തി മൂലം ആളുകൾ സിലിണ്ടറുകൾ വാങ്ങാനെത്തിയതായി ഡൽഹിയിലെ ഇൻഡേൻ ഗ്യാസിൻ്റെ ഒരു സിലിണ്ടർ ഡെലിവറി ഏജന്റ് പറഞ്ഞതായി ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിലുണ്ട്. എൽപിജി വിതരണത്തിൽ തടസ്സങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. രാജ്യത്ത് എൽപിജി സിലിണ്ടർ ബുക്കിങ്ങുകൾ വർധിച്ചതിനെ തുടർന്ന് ബുക്കിങ് കാലയളവ് 21 ദിവസമായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചോ ആറോ ദിവസമായി പശ്ചിമ ബംഗാളിൻ്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കൊൽക്കത്തയിലും സമീപ ജില്ലകളിലും എൽപിജി ബുക്കിങ് ഏകദേശം 15-20 ശതമാനം വർദ്ധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിൻ്റെയും യുദ്ധം, പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ കഴിഞ്ഞ ആഴ്ച എൽപിജി സിലിണ്ടർ വില വർധിപ്പിക്കുകയും ബുക്കിങ്ങിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്തു. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്, ഇതിൽ ഭൂരിഭാഗവും യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. എൽപിജിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരനും ഇന്ത്യയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ ഏകദേശം 80 ശതമാനം പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.

ബുക്കിങ്ങിലെ വർധനയെത്തുടർന്ന്, ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിലുള്ള 15 ദിവസത്തെ ലോക്ക്-ഇൻ കാലയളവ് 21 ദിവസമായി വർദ്ധിപ്പിച്ചു. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക്, രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള കാലയളവ് 30 ദിവസമായി ഉയർത്തിയിട്ടുണ്ട്. അതേസമയം രാജ്യവ്യാപകമായി ദൗർലഭ്യമില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നു. സർക്കാർ വൃത്തങ്ങളും വ്യവസായ വൃത്തങ്ങളും പറയുന്നത്, ഇന്ത്യയ്ക്ക് സ്ഥിതിഗതികൾ സുഗമമായി കൈകാര്യം ചെയ്യാൻ ആവശ്യമായ എൽപിജി ശേഖരവും തന്ത്രപ്രധാനമായ കരുതൽ ശേഖരവും ഉണ്ടെന്നാണ്. ഒരു അന്തർമന്ത്രാലയ ഗ്രൂപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ആഭ്യന്തര വിതരണ മുൻഗണനകൾ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ദൗർലഭ്യത്തേക്കാൾ, താത്കാലിക ബുക്കിങ് നിയന്ത്രണങ്ങൾ, വിതരണക്കാരൻ്റെ തലത്തിലുള്ള വിതരണ നിയന്ത്രണങ്ങൾ, ഉപഭോക്താക്കൾ മുൻകരുതൽ നടപടിയായി ശേഖരിക്കുന്നവ എന്നിവ മൂലം ഉണ്ടാകുന്ന പ്രാദേശിക തടസ്സങ്ങളുമായി ബന്ധപ്പെട്ടതാണ് ഉപഭോക്താക്കളുടെ പരിഭ്രാന്തി എന്നാണ് കരുതേണ്ടത്. കരിഞ്ചന്തയിൽ എൽപിജി സിലിണ്ടറുകൾ ലഭ്യമാണെന്നതും ഗ്യാസ് ഡെലിവറി ഏജൻ്റുമാർ പറയുന്നതും കൂട്ടി വായിക്കുമ്പോൾ ദൗർലഭ്യമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള വിതരണം സുഗമമായി തുടരുന്നു എന്നാണ് സൂചന.

ജനുവരി മുതൽ യുഎസിൽ നിന്നുള്ള എൽപിജി ഇന്ത്യയിലേക്ക് വരാൻ തുടങ്ങിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അതിനാൽ, ക്യൂകൾ പ്രധാനമായും വിതരണത്തിലെ തകർച്ചയേക്കാൾ പരിഭ്രാന്തി നിറഞ്ഞ ബുക്കിങ്ങുകളുടെ ഫലമാണ്. ഉപഭോക്താക്കൾ ഒരേ സമയം സിലിണ്ടറുകൾ നിറയ്ക്കാൻ തിരക്കുകൂട്ടുന്നത് വിതരണ സംവിധാനത്തെ ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്. പക്ഷേ, അവ രാജ്യവ്യാപകമായ ദൗർലഭ്യത്തെ പ്രതിഫലിക്കുന്നില്ല.