ന്യൂഡൽഹി: രാജ്യത്തെ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിച്ചുകൊണ്ട് ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 824 ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാർശ നൽകിയിരിക്കുകയാണ്. ഇതിനായി 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് ശുപാർശ.
വനിതാസംവരണത്തിന്റെ മറവിൽ കേന്ദ്രം കൊണ്ടുവന്ന മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ പരാജയപ്പെട്ടതിനുപിന്നാലെയാണ് നിർദേശം. കേരളത്തിലെ 20 മണ്ഡലങ്ങളിൽ പത്തെണ്ണം രണ്ടായി വിഭജിച്ച് ആകെ സീറ്റുകൾ 30 ആക്കണമെന്നും സമിതിയുടെ വർക്കിങ് പേപ്പറിൽ പറയുന്നു.
കേരളത്തിലെ കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് രണ്ടായി വിഭജിക്കുക. ഇതോടെ കേരളത്തിലെ സീറ്റുകൾ 30 ആകുമെങ്കിലും സഭയിലെ പ്രാതിനിധ്യ നിരക്കിൽ നേരിയ കുറവ് വരും. 543 സീറ്റുകളിൽ 20 സീറ്റുള്ളപ്പോൾ 3.68 ശതമാനമാണ് പ്രാതിനിധ്യമെങ്കിൽ ഇനിയത് 824-ൽ 30 ആകുമ്പോൾ 3.64 ശതമാനമായി കുറയും. തമിഴ്നാടിന്റെ സീറ്റുകൾ 39-ൽ നിന്ന് 59 ആകുമ്പോൾ പ്രതിനിധ്യം 7.18 ശതമാനത്തിൽ നിന്ന് 7.16 ശതമാനമാകും.
അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള സീറ്റുവർധന കണക്കിലെടുക്കുമ്പോൾ പ്രതിനിധ്യം നിലവിലെ 23.6 ശതമാനത്തിൽ നിന്ന് 23.7 ശതമാനമായി നേരിയ തോതിൽ വർധിക്കും. തെലങ്കാനയിലെ സീറ്റുകൾ 17-ൽ നിന്ന് 26-ഉം ആന്ധ്രപ്രദേശിലേത് 25-ൽനിന്ന് 38-ഉം കർണാടകത്തിൽ 28-ൽനിന്ന് 42-ഉം ആയി ഉയരും. ഉത്തർപ്രദേശിൽ സീറ്റുകൾ 80-ൽ നിന്ന് 120 ആയും മഹാരാഷ്ട്രയിൽ 48-ൽ നിന്ന് 72 ആയും വർധിക്കും.
രണ്ടായി വിഭജിക്കുന്ന 59 മണ്ഡലങ്ങളിൽ 22-ഉം തമിഴ്നാട്ടിലും മൂന്നായി വിഭജിക്കുന്നവയിൽ 17-ഉം ഉത്തർപ്രദേശിലുമാണ്. മഹാരാഷ്ട്ര (12), ബിഹാർ (പത്ത്), ബംഗാൾ (പത്ത്) എന്നവയാണ് മൂന്നായി വിഭജിക്കുന്ന മണ്ഡലങ്ങൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.
ഏതെല്ലാം മണ്ഡലങ്ങൾ എങ്ങനെ വിഭജിക്കണമെന്നതിന് പൊതു മാനദണ്ഡത്തിന് പകരം, വെവ്വേറെ രീതികളാണ് സാമ്പത്തിക ഉപദേശക സമിതിയംഗം ഷമികരവിയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുദിത് കപൂറും ചേർന്ന് തയ്യാറാക്കിയ പേപ്പറിൽ പറയുന്നത്.
വിഭജിക്കാൻ കാരണം
2024-ലെ കണക്കെടുത്താൽ ഒരു മണ്ഡലത്തിൽ ശരാശരി 18.2 ലക്ഷം വോട്ടർമാരാണെങ്കിൽ ഏറ്റവും വലിയ മണ്ഡലങ്ങളിൽ
32 ലക്ഷത്തിലേറെയാണിത്. ഇത് പ്രാതിനിധ്യ അനുപാതത്തിൽ വലിയ വ്യത്യാസമുണ്ടാക്കുന്നു. വലിയ നഗരങ്ങളിൽ പോളിങ് നിരക്കിനുപുറമേ വോട്ടുചെയ്യുന്ന സ്ത്രീകളുടെ പ്രാതിനിധ്യവുംകുറവാണ്. അതിനാൽ മെട്രോ നഗരങ്ങളിൽ വനിതകൾക്ക് മാത്രമായി പോളിങ് ബൂത്തുകൾ വേണമെന്നും ജോലിക്ക് പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് പോളിങ് സമയം വൈകിട്ടും ദീർഘിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
Content Highlights: Proposal to increase total Lok Sabha seats from 543 to 824., 170 constituencies to be split: 59 into two and 111 into three., Kerala's seat count projected to increase from 20 to 30., Significant increases proposed for UP, Maharashtra, and Southern states., Recommendations for women-only polling booths and extended voting hours.
Published: 13 Jun 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented