ന്യൂഡൽഹി: ലോക്സഭയിലെ ബഹളത്തെ തുടർന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി മാറ്റിവച്ചു. മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പിലെ വരികൾ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പ്രതിപക്ഷം ബഹളം വച്ചത്.

To advertise here,

ചൊവ്വാഴ്ച പലതവണ നിർത്തിവെക്കേണ്ടിവന്ന സഭ, വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി സംസാരിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് വീണ്ടും ചേർന്നപ്പോൾ, പ്രതിപക്ഷത്തെ ചില വനിതാ എം.പി.മാരായ വർഷ ഗെയ്ക്​വാദ്, ജ്യോതിമണി എന്നിവർ പ്രധാനമന്ത്രിയുടെ അടക്കം ഭരണകക്ഷി അംഗങ്ങളുടെ കസേരകൾ തടഞ്ഞു. 'ശരിയായത് ചെയ്യുക' എന്നെഴുതിയ വലിയ ബാനർ അവർ ഉയർത്തിപ്പിടിച്ചു. കഴിഞ്ഞ ദിവസം എട്ട് പ്രതിപക്ഷ എം.പി.മാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

സ്പീക്കറുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ റായ് തുടർനടപടികൾ നിർത്തിവെച്ചു. നിരവധി മന്ത്രിമാർ അഭ്യർഥിച്ചതിന് ശേഷമാണ് വനിതാ എം.പി.മാർ ഉപരോധം അവസാനിപ്പിച്ചത്. വനിതാ എം.പി.മാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് അവർ പറഞ്ഞത്. നടന്നത് വളരെ ഭയപ്പെടുത്തുന്നതാണ്. കോൺഗ്രസിന്റെ നിസ്സഹായതയാണ് ഇത് കാണിക്കുന്നത്. വളരെ ആസൂത്രിതമായാണ് വനിതാ എം.പിമാർ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് ചുറ്റും നിന്നത്. കിരൺ റിജിജുവിന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സ്ഥിതി വഷളാകുമായിരുന്നു, ബിജെപി. എംപി. മനോജ് തിവാരി പ്രതികരിച്ചു.

ഉച്ചയോടെ സഭ വീണ്ടും ചേർന്നപ്പോൾ, 2020-ലെ ചൈനീസ് പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. ഇതിനിടെയുണ്ടായ ബഹളത്തെത്തുടർന്ന് സഭ വീണ്ടും നിർത്തിവെക്കുകയും പ്രധാനമന്ത്രിയുടെ പ്രസംഗം റദ്ദാക്കുകയുമായിരുന്നു. നന്ദി പ്രമേയം ലോക്സഭ ഇതുവരെ പാസാക്കിയിട്ടില്ല. വ്യാഴാഴ്ച വരെ സഭ നിർത്തിവെച്ചിരിക്കുകയാണ്.