ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തിന് ശേഷവും വിവിധ സംസ്ഥാനങ്ങളുടെ ലോക്‌സഭയിലെ പ്രാതിനിധ്യാനുപാതത്തിൽ മാറ്റം വരില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

നിലവിൽ ഇന്ത്യയിൽ ഓരോ എം.പി.യും ഏകദേശം 25 മുതൽ 27 ലക്ഷം വരെ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ലോകത്തിലെ പല ചെറിയ രാജ്യങ്ങളുടെയും ജനസംഖ്യയ്ക്ക് തുല്യമായ വലിയ ഭാരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 1971-ൽ 60 കോടിയിൽ താഴെയായിരുന്ന ഇന്ത്യയിലെ ജനസംഖ്യ ഇന്ന് 140 കോടി കടന്ന സാഹചര്യത്തിൽ സീറ്റുകളുടെ വർദ്ധനവ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ പുനർനിർണ്ണയത്തിൽ സീറ്റുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. 1971-ലെ മണ്ഡല പുനർനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള അതേ അനുപാതം തന്നെയായിരിക്കും പുതിയ മാറ്റത്തിലും തുടരുക. അതിനാൽ തന്നെ ജനസംഖ്യ കുറച്ചതിന് ഈ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടില്ലെന്നും അവരുടെ സീറ്റുകളുടെ വിഹിതം അതേപടി നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ നിലവിലെ 20-ൽ നിന്ന് 30 ആയി ഉയരും. അതുപോലെ തമിഴ്‌നാടിന് 59 സീറ്റുകളും (നിലവിൽ 39), കർണ്ണാടകയ്ക്ക് 42 സീറ്റുകളും (നിലവിൽ 28) ലഭിക്കും. ആന്ധ്രാപ്രദേശിന് 38 സീറ്റുകളും തെലങ്കാനയ്ക്ക് 26 സീറ്റുകളും ലഭിക്കുന്നതോടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ആകെ ലോക്‌സഭാ വിഹിതം 24 ശതമാനമായി തന്നെ തുടരും. ഇത് സർക്കാരുകളുടെ രൂപീകരണത്തെ ബാധിക്കുന്ന രാഷ്ട്രീയ കണക്കുകളെ മാറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2029-ഓടെ വനിതാ സംവരണം നടപ്പിലാക്കണമെങ്കിൽ ഈ നടപടികൾ ഇപ്പോൾ തന്നെ തുടങ്ങേണ്ടതുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ജാതി തിരിച്ചുള്ള സെൻസസ് പൂർത്തിയാക്കാൻ ഏകദേശം മൂന്ന് വർഷത്തോളം സമയമെടുക്കും. കൂടാതെ 543 സീറ്റുകളുടെയും പുനർനിർണ്ണയത്തിനായി കമ്മീഷൻ നടത്തുന്ന കരട് തയ്യാറാക്കലും വിവിധ ഇടങ്ങളിലുള്ള പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പും പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം സമയം വേണ്ടിവരും. അതിനാൽ ഈ വിഷയത്തെ സംസ്ഥാന തിരഞ്ഞെടുപ്പുകളുമായി ബന്ധിപ്പിച്ച് വൈകിക്കാനാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പാർലമെന്റ് നൽകുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കും ഡിലിമിറ്റേഷൻ കമ്മിഷൻ പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വനിതാ സംവരണം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അജണ്ടയായി കാണരുതെന്നും മുമ്പ് പാസാക്കിയ ബില്ലിന്റെ നടപ്പിലാക്കൽ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടത് പാർട്ടികൾ എന്നിവർ ഇതിനോടകം നടത്തിയ ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ മന്ത്രി തള്ളിക്കളഞ്ഞു.

വനിതാ സംവരണത്തിനുള്ളിൽ ഒ.ബി.സി. (OBC) സംവരണം കൂടി വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിൽ എസ്.സി./എസ്.ടി. സംവരണത്തിന് മാത്രമാണ് ഭരണഘടനാപരമായ വ്യവസ്ഥയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ ബില്ലുകൾ പാസാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായ ഈ നീക്കത്തെ എതിർക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.