ന്യൂഡൽഹി: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ അണിനിരക്കാൻ ഇത്തവണ ‘ആത്മനിർഭർ കേരളം.’ വാട്ടർമെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടവും പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യമാണ് കേരളം 26-ന് അവതരിപ്പിക്കുന്നത്. ആത്മനിർഭർ ഭാരതത്തിനായി ആത്മനിർഭർ കേരളം എന്നതാണ് ടാഗ് ലൈൻ. കേരളത്തനിമയ്ക്കൊപ്പം സംസ്ഥാനത്തിന്റെ നേട്ടങ്ങളും പ്രദർശിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് നോഡൽ ഓഫീസറായ പിആർഡി അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ പറഞ്ഞു.

To advertise here,

ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി സരസു, ലാപ്‌ടോപ്പും സ്മാർട്‌ഫോണും ഉപയോഗിക്കുന്നതാണ് നിശ്ചലദൃശ്യത്തിന്റെ മുന്നിൽ. ചക്ക, മാങ്ങ, തേങ്ങ എന്നിങ്ങനെ നാടൻവിഭവങ്ങളും ഇഞ്ചി, മഞ്ഞൾ, കുരുമുളക്, ജാതിക്ക, ഏലയ്ക്ക, ഗ്രാമ്പൂ എന്നിങ്ങനെ സുഗന്ധവ്യഞ്ജനങ്ങളും ഹരിതാഭ പശ്ചാത്തലത്തിലുണ്ട്. കൊച്ചിയിലെ പത്ത് ദ്വീപുകളെ വാട്ടർമെട്രോ ബന്ധിപ്പിക്കുന്നതും ആളുകൾ ദ്വീപിൽ കാത്തിരിക്കുന്നതും ദൃശ്യവത്കരിക്കുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആശയത്തിൽ ഡൽഹിയിലെ ജെ.എസ്. ചൗഹാൻ പരസ്യകമ്പനിയിലെ ക്രിയേറ്റീവ് ഹെഡ് ആയ കണ്ണൂർ സ്വദേശി റോയ് ജോസഫാണ് നിശ്ചലദൃശ്യം രൂപകല്പനചെയ്തത്.

സംസ്ഥാനത്തിന്റെ സാസ്കാരികപൈതൃകം വെളിപ്പെടുത്തുന്ന നാടോടിനൃത്തവുമുണ്ടാകും. മോഹൻ സിതാര ഈണംനൽകി പിആർഡി ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷ് രചിച്ച ഗാനമാണ് ഉപയോഗിക്കുന്നത്. കെ.എ. സുനിൽ ആലപിച്ച ഗാനത്തിന്റെ നൃത്താവിഷ്കാരം നിർവഹിച്ചത് പ്രശസ്ത നർത്തകി ജയപ്രഭാ മേനോനാണ്.

പ്രതിരോധസേനകൾക്കും വിവിധ കേന്ദ്രസർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും പുറമെ 17 സംസ്ഥാനങ്ങളാണ് ഈ വർഷം പരേഡിൽ ടാബ്ലോ അവതരിപ്പിക്കുന്നത്. 2023-ലാണ് കേരളം അവസാനം നിശ്ചലദൃശ്യം അവതരിപ്പിച്ചത്. അന്ന് നാരീശക്തി ഉയർത്തിക്കാട്ടിയായിരുന്നു ടാബ്ലോ.