ന്യൂഡല്‍ഹി: കേരളത്തിൽ റെയിൽവേ വികസനത്തിന് തടസ്സമാകുന്നത് കോണ്‍ഗ്രസ്സും സിപിഎമ്മും പോരാട്ടമാണെന്ന് ആരോപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ 127 റെയില്‍വേ മേല്‍പ്പാലങ്ങളില്‍ 105 -ഉം വൈകിയതിന് കാരണം കേരളത്തിൻ്റെ നിലപാടായിരുന്നെന്നും മന്ത്രി വിമർശിച്ചു. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ വെള്ളിയാഴ്ച നടന്ന റെയിൽവേ വികസനം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

ശബരിപാതയടക്കമുള്ള പദ്ധതികളില്‍ കേരളം നിഷ്‌ക്രിയമാണെന്ന കോണ്‍ഗ്രസ് അംഗം ജെബി മേത്തറുടെ പരാമര്‍ശവും റെയില്‍വേ മന്ത്രിയുടെ മറുപടിയും ഇടതുപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. ജോണ്‍ ബ്രിട്ടാസും പി. സന്തോഷ് കുമാറും ജെബിയുടെ ചോദ്യത്തിനും മന്ത്രിയുടെ മറുപടിക്കും തടസ്സവുമായി എഴുന്നേറ്റെങ്കിലും കേരളത്തിനെതിരേ അശ്വിനി വൈഷ്ണവ് രൂക്ഷവിമര്‍ശനമുന്നയിച്ചു.

സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പേരു പറയാതെ, അംഗങ്ങളെ ചൂണ്ടിക്കാട്ടി ഇവര്‍ തമ്മിലുള്ള പേരുകേട്ട പോരാട്ടം കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന തടസ്സമായി നില്‍ക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. 63 എണ്ണത്തിന്റെ അലൈന്‍മെന്റ് അന്തിമമാക്കിയിട്ടില്ലെന്നതാണ് അത്ഭുതമെന്ന് ബഹളത്തിനിടയില്‍ വൈഷ്ണവ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതാണ് സംസ്ഥാനത്തിന്റെ പിന്തുണയുടെ നിലവാരമെന്നും രണ്ടുവിഭാഗവും പോരാടി തടസ്സമുണ്ടാക്കുമ്പോഴും ഉള്ളില്‍ ബന്ധമുള്ളവരാണെന്നും മന്ത്രി പരിഹസിച്ചു. കേരളത്തില്‍ വികസനമില്ലാതാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനാണിവര്‍ പ്രവര്‍ത്തിക്കുന്നതെന്നും വൈഷ്ണവ് ആരോപിച്ചു.

കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെ റെയില്‍വേ ശ്രൃംഖല വികസിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മന്ത്രി, ഭാവി വികസന പ്രവര്‍ത്തനങ്ങളുടെ പട്ടികയും നിരത്തി. കേരളത്തിനുള്ള റെയില്‍വേ ബജറ്റ് 372 കോടിയിയില്‍ നിന്ന് എട്ടുമടങ്ങ് കൂട്ടി 3042 കോടിയാക്കി. കേരളത്തിലെ റെയില്‍വേ ശ്രൃംഖല വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണിപ്പോള്‍ നടക്കുന്നത്. കാസര്‍കോട് -ഷൊര്‍ണൂര്‍ മൂന്നും നാലും പാലത്തിന് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നു. ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാത, ഷൊര്‍ണൂര്‍-പാലക്കാട് -കോയമ്പത്തൂര്‍ മൂന്നും നാലും പാത, എറണാകുളം-കായംകുളം-കോട്ടയം മൂന്നാം പാത, തിരുവനന്തപുരം-നാഗര്‍കോവില്‍ മൂന്നാം പാത ഡിപിആര്‍ തയ്യാറാക്കുന്നതായി മന്ത്രി പറഞ്ഞു. കായംകുളം-തിരുവനന്തപുരം മൂന്നാം പാത പണി നടക്കുന്നു. അങ്കമാലി-ശബരിമല പാതയക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തോട് പറഞ്ഞതായും ഏറ്റെടുത്താലുടന്‍ അടുത്ത ഘട്ടം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രെയിനില്‍നിന്ന് പിടിച്ചുതള്ളിയതിനാല്‍ തെറിച്ചുവീണ് പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നല്‍കുമോയെന്ന ചോദ്യത്തിന് ‘ശ്രമിക്കും’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ലഹരിയിലായിരുന്ന യാത്രക്കാരന്‍ ട്രെയിനിലെ ചവിട്ടുപടിയില്‍ ഇരുന്ന രണ്ടുപേരുമായി വാക്കേറ്റമുണ്ടായതാണ് പ്രശ്‌നം. പിന്നാലെ ലഹരിയിലുള്ളയാള്‍ രണ്ടുപേരിലൊരാളെ ചവിട്ടിയിട്ടു. എല്ലാ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. റെയില്‍വേ പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പരിക്കേറ്റയാള്‍ ട്രോമയിലും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നല്‍കാന്‍ പറ്റുന്ന സഹായം ചെയ്യാന്‍ കുടുംബവുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ എംപിയും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.