ന്യൂഡല്‍ഹി: ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണത്തിനിടെ മലപ്പുറം കൂരിയാട് പാത ഇടിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. നിര്‍മാതാക്കളുടെ അശ്രദ്ധമൂലമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഇതിന്റെ പരിഹാര പ്രവൃത്തികള്‍ നിര്‍മാതാക്കളായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ചെലവില്‍ തന്നെ നടത്തുമെന്നും അറിയിച്ചു.

To advertise here,

നിര്‍മാതാക്കള്‍ക്കെതിരെ ദേശീയപാത അതോറിറ്റി കര്‍ശന നടപടി സ്വീകരിച്ചതായും  നിലവിലെയും ഭാവിയിലെയും ലേലങ്ങളില്‍ പങ്കെടുക്കുന്നതിന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന് വിലക്കേര്‍പ്പെടുത്തിയതായും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

'പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് ഭൂസ്ഥിതി പരിശോധിച്ചുറപ്പിക്കുന്നതിലും ഭൂപ്രദേശത്തിന്റെ വാഹകശേഷി മെച്ചപ്പെടുത്തുന്നതിലും നിര്‍മാതാക്കള്‍ കാണിച്ച അശ്രദ്ധ മൂലമാണ് രാമനാട്ടുകര-വളാഞ്ചേരി പാതയിലുണ്ടായ  സംഭവമെന്ന് പ്രാഥമികമായി വിലയിരുത്തുന്നു' മന്ത്രാലയം വ്യക്തമാക്കി.

നിര്‍മാതാക്കളായ  കെ.എന്‍.ആര്‍.കണ്‍സ്ട്രക്ഷന് നിലവിലെയും ഭാവിയിലേയും ലേലങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത് കൂടാതെ പദ്ധതിയുടെ കണ്‍സള്‍ട്ടന്റും സ്വതന്ത്ര എഞ്ചിനീയറുമായ ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റിനെയും നിലവിലെയും ഭാവിയിലെയും ലേലങ്ങളില്‍നിന്ന് വിലക്കി. 

നിര്‍മാണ കമ്പനിയുടെ പ്രോജക്ട് മാനേജരെയും കണ്‍സള്‍ട്ടന്റ് കമ്പനിയുടെ ടീം മേധാവിയെയും ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. സാഹചര്യം നേരിടുന്നതിനാവശ്യമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാന്‍ ദേശീയപാത അതോറിറ്റി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സംഭവത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനും പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനും ഡല്‍ഹി ഐഐടിയില്‍നിന്ന് വിരമിച്ച പ്രൊഫസറുടെ മേല്‍നോട്ടത്തില്‍ രണ്ട് വിദഗ്ധരടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

വിദഗ്ധ സംഘത്തിന്റെ നിര്‍ദേശപ്രകാരം നിര്‍മാണ കമ്പനിയുടെ ഉത്തരവാദിത്വത്തിലും ചെലവിലും പരിഹാര പ്രവൃത്തികള്‍ നടത്തും. കൂടാതെ സംസ്ഥാനത്തെ മറ്റ് പദ്ധതികളില്‍ സ്വീകരിക്കാവുന്ന നടപടികളും വിദഗ്ധ സംഘം നിര്‍ദേശിക്കും. മറ്റ് പദ്ധതികളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിക്കും. 
 
റോഡിന്റെ ഉയര്‍ന്ന ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതുമൂലമുണ്ടായ മണ്ണിടിച്ചിലാണ് തകര്‍ച്ചയുടെ കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തലെന്നും ഗാതഗത മന്ത്രാലയം അറിയിച്ചു.