
ന്യൂഡല്‍ഹി: സ്വാശ്രയ ഫീസ് വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് എന്നിവയ്‌ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജുകള്‍ ആവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന വിധി ഹൈക്കോടതിയില്‍ നിന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നേടിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, പുഷ്പഗിരി കോളജ് എന്നീ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റുകള്‍ ഈ അധ്യയന വര്‍ഷം ഫീസായി 7.65 ലക്ഷം രൂപ മതിയെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശന കമ്മീഷണര്‍ ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇറക്കി.
എന്നാല്‍ മറ്റ് സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ഫീസ് സംബന്ധിച്ച് നവംബര്‍ 13 ന് ലഭിച്ച വിധി തങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന ഉത്തരവ് കോലഞ്ചേരി മെഡിക്കല്‍ കോളേജും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജും നവംബര്‍ 17 ന് ഹൈക്കോടതിയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നു. ഇതിനെതിരെയാണ് കേരളത്തിന്റെ ഹര്‍ജി. നിലവില്‍ സ്വാശ്രയ ഫീസ് വിഷയത്തില്‍ 11 മെഡിക്കല്‍ കോളേജുകള്‍ക്ക് എതിരെ ആണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Content Highlights: Kerala govt moves SC against fee hike by self-financing medical colleges
Published: 05 Dec 2020, 04:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented