ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിന് നിശ്ചയിച്ചിട്ടുള്ള എട്ട് ലക്ഷം രൂപയുടെ വാർഷിക വരുമാന പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് ഘടന താങ്ങാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ തേടാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
രാജസ്ഥാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
രാജസ്ഥാനിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടനയെയും അവിടെ ഇ.ഡബ്ല്യു.എസ് മാനദണ്ഡങ്ങൾ ബാധകമാക്കുന്നതിനെയും ചോദ്യം ചെയ്ത് ഹർഷവർദ്ധൻ സിങ് എന്നയാളാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രതിവർഷം 18.9 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഫീസ് ഈടാക്കുമ്പോൾ, ഇ.ഡബ്ല്യു.എസ് പരിധിയായ എട്ട് ലക്ഷം രൂപ എന്നത് പ്രായോഗികമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ കോളേജുകൾക്ക് തുല്യമായ ഫീസ് ഈടാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ;
-
ഫണ്ട് വ്യത്യാസം: സർക്കാർ കോളേജുകൾക്ക് സംസ്ഥാന ഗ്രാന്റുകൾ ലഭിക്കുമ്പോൾ, സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്വയംഭരണ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
-
ക്യാപിറ്റേഷൻ ഫീസും ട്യൂഷൻ ഫീസും: നിയമവിരുദ്ധമായി ക്യാപിറ്റേഷൻ ഫീസ് വാങ്ങുന്നത് നിരോധിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ അതിനർത്ഥം സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ മാത്രമേ ഫീസ് വാങ്ങാവൂ എന്നല്ല.
-
ഡോക്ടർമാരുടെ ക്ഷാമം: സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെങ്കിൽ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സർക്കാരിന് ലഭിക്കുന്ന പിന്തുണ ഇല്ലാതാകും. അവർ ഈ മേഖലയിൽ നിന്ന് പിന്മാറും.
‘ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ സ്കോളർഷിപ്പുകളോ സബ്‌വെൻഷനുകളോ (ധനസഹായം) മറ്റ് സാമ്പത്തിക മാർഗ്ഗങ്ങളോ കണ്ടെത്തണം’ കോടതി കൂട്ടിച്ചേർത്തു.
സംസ്ഥാന ഫീ റെഗുലേറ്ററി കമ്മിറ്റി സുപ്രീം കോടതി നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഫീസ് നിശ്ചയിച്ചതെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ച സുപ്രീം കോടതി, ഹർജി പൂർണ്ണമായും തള്ളിക്കൊണ്ട് ഉത്തരവിട്ടു.
Content Highlights: The Supreme Court has dismissed a petition challenging the ₹8 lakh annual income limit for the EWS category, ruling that private medical colleges operate autonomously and students facing high fees should look for scholarships or financial aid instead.
Published: 25 Jun 2026, 12:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented