ശ്രീനഗർ: പഹൽഗാം തീവ്രവാദ ആക്രമണം രാജ്യത്തിന് വലിയ മുറിവു വരുത്തിയെങ്കിലും ജമ്മു കശ്മീരിൽ 2025-ൽ തീവ്രവാദ ബന്ധമുള്ള മരണങ്ങളിൽ വലിയ കുറവുണ്ടായതായി കണക്കുകൾ രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി തീവ്രവാദ ബന്ധമുള്ള വാർഷിക മരണസംഖ്യ 100-ന് താഴെയെത്തി.

To advertise here,

2025-ൽ തീവ്രവാദ ബന്ധമുള്ള സംഭവങ്ങളിൽ 92 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ മരണസംഖ്യ സ്ഥിരമായി 100 കടന്നിരുന്നു. 2024-ൽ 127 പേരാണ് ഇത്തരം സംഭവങ്ങളിൽ മരിച്ചിരുന്നത്. 2023-ൽ 134, 2022-ൽ 253, 2021-ൽ 274, 2020-ൽ 321 എന്നിങ്ങനെയായിരുന്നു മരണസംഖ്യ.

2025-ൽ രേഖപ്പെടുത്തിയ 92 മരണങ്ങളിൽ, 46 പേർ തീവ്രവാദികളായിരുന്നു. ഇവരിൽ ഭൂരിഭാഗവും പാകിസ്താൻ പൗരന്മാരാണ്. ഈ വർഷം 17 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം മരിച്ച സാധാരണക്കാരുടെ എണ്ണം 28 ആണ്. തീവ്രവാദ പ്രവർത്തനങ്ങൾ വളരെ കൂടുതലായിരുന്ന 2020-ൽ 232 തീവ്രവാദികൾ കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ സേനയുടെ ജീവഹാനി 56 ആയിരുന്നു.

2024-ലെ കണക്കുകളനുസരിച്ച് 69 തീവ്രവാദികൾ കൊല്ലപ്പെട്ടു. 26 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. 31 സാധാരണക്കാരുടെ മരണങ്ങൾ രേഖപ്പെടുത്തി. നിയന്ത്രണ രേഖയുടെ (LoC) കാര്യത്തിൽ, നുഴഞ്ഞുകയറ്റ വിരുദ്ധ നടപടികൾ സുരക്ഷാ സേന കർശനമാക്കിയതിനാൽ 2025-ൽ 13 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയാൻ സാധിച്ചു. 2000-ത്തിൽ 2,799 പേർ കൊല്ലപ്പെട്ടപ്പോൾ തൊട്ടടുത്ത വർഷം ഇത് 4,011 ആയിരുന്നു. ആ വർഷം മാത്രം 628 സുരക്ഷാസൈനികരണ് കൊല്ലപ്പെട്ടത്. അതേസമയം, ഏറ്റവും കൂടുതൽ തീവ്രവാദികൾ കൊല്ലപ്പെട്ടതും ഈ വർഷം തന്നെയാണ്, 2345. തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ പിന്നീട് കുറഞ്ഞുവന്നു. 2007-ൽ ആദ്യമായി ഇത്തരം മരണങ്ങൾ ആയിരത്തിനു താഴെയായി. പിന്നീട് തുടർച്ചയായി ഇതു കുറഞ്ഞുവന്നു.

തീവ്രവാദ ശൃംഖലകളെ തകർക്കാൻ കശ്മീർ താഴ്വരയിൽ 2025-ൽ സുരക്ഷാ സേന 3,000 റെയ്ഡുകൾ നടത്തി. അതേസമയം, നിലവിൽ ജമ്മു കശ്മീരിൽ ഏകദേശം 132 തീവ്രവാദികൾ സജീവമായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ 122 പേർ വിദേശ തീവ്രവാദികളാണ്, പ്രധാനമായും പാകിസ്താനിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ പ്രാദേശിക റിക്രൂട്ടുകളാണ്. 2025-ൽ വിദേശ തീവ്രവാദികളുടെ സാന്നിധ്യത്തിൽ വലിയ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്, അവരുടെ എണ്ണം ഈ വർഷം ഇരട്ടിയായി. അതേസമയം പ്രാദേശിക റിക്രൂട്ട്മെന്റ് കുറഞ്ഞു. 2025-ൽ കശ്മീരിയായ ഒരാൾ മാത്രമാണ് തീവ്രവാദ സംഘടനകളിൽ ചേർന്നതെന്ന് കണക്കുകൾ പറയുന്നു.