ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാളഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ. സ്കൂളുകളിൽ മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്നതാണ് എതിർപ്പിനുകാരണം. കാസർകോട് ജില്ലയിൽ താമസിക്കുന്ന കന്നഡ മാതൃഭാഷയായവരെ ബാധിക്കുമെന്നും ഇത് ഭരണഘടനാവിരുദ്ധ നടപടിയാണെന്നും കർണാടക ആരോപിക്കുന്നു.

To advertise here,

ബില്ലിന് അംഗീകാരംനൽകരുതെന്നാവശ്യപ്പെട്ട് കർണാടക അതിർത്തിപ്രദേശ വികസന അതോറിറ്റി പ്രതിനിധിസംഘം കഴിഞ്ഞദിവസം കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു.

കർണാടകയുമായി അതിർത്തിപങ്കിടുന്ന കാസർകോട് 70 ശതമാനം ആളുകളും കന്നഡ മാതൃഭാഷയായവരാണെന്നും സ്കൂളുകളിൽ ഇവർ മലയാളം ഒന്നാംഭാഷയായി പഠിക്കുന്നത് നിർബന്ധമാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സംഘം പറഞ്ഞു.

ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സംസ്ഥാനസർക്കാരുകളുടെ ഉത്തവാദിത്വമാണ്. എന്നാൽ, കേരളം ഇതിന് തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.

കാസർകോട്ട് താമസിക്കുന്ന കന്നഡ മാതൃഭാഷയായവർ സ്കൂളുകളിൽ ഒന്നാംഭാഷയായി പഠിക്കുന്നത് കന്നഡയാണ്. പുതിയ ബിൽ നിയമമായാൽ ഇവിടെയുള്ള കന്നഡ മീഡിയം സ്കൂളുകളെയും ഇത് ബാധിക്കുമെന്നാണ് കർണാടക സർക്കാരിന്റെ ആശങ്ക.