
ബെംഗളൂരു: കനത്ത ചൂടിനിടെ പെയ്ത വേനൽമഴയാണ് ബെംഗളൂരുവിൽ ദുരന്തമായത്. നഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ശിവാജിനഗറിൽ തെരുവുകച്ചവടക്കാരുടെ ഇടയിലേക്ക് വലിയമതിൽ ഇടിഞ്ഞുവീണ് രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. എറണാകുളം രാമമംഗലം കൊട്ടാരത്ത് മനയ്ക്കടിയിൽ ലത, കിഴുമുറി തെക്കേ ഇറമ്പിൽ സ്മിത എന്നിവരാണ് മരിച്ച മലയാളികൾ.
കുടുംബശ്രീ അംഗങ്ങളുടെ വിനോദയാത്രാ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. മരിച്ച മറ്റുള്ളവരെല്ലാം കർണാടകക്കാരാണ്. അമൃതംപൊടി ഉത്പാദന യൂണിറ്റ് പ്രവർത്തകരായ 56 അംഗസംഘമാണ് ബുധനാഴ്ച കൊച്ചിയിൽനിന്ന് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയത്. ഷോപ്പിങ്ങിനായി ശിവാജി നഗറിൽ എത്തിയപ്പോഴാണ് അപകടം. ഇതിനുശേഷം സംഘം മൈസൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന രാമമംഗലം കോട്ടപ്പുറം മണ്ണായത്ത് പ്രീതി (51), കിഴുമുറി മുത്തിമോളയിൽ സിജി (45), കിഴുമുറി പട്ടികജാതി ഉന്നതിയിലെ മായ മണികണ്ഠൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെക്കൂടാതെ നാലുപേർക്കുകൂടി പരിക്കുണ്ട്. ഏഴ് പേരുടെയും പരിക്ക് ഗുരുതരമല്ല.
ശിവാജി നഗർ ബൗറിങ് ആശുപത്രിയുടെ ചുറ്റുമതിലാണ് ബുധനാഴ്ച വൈകീട്ട് 5.30-ഓടെ പെയ്ത മഴയിൽ ഇടിഞ്ഞുവീണത്. തുണിത്തരങ്ങളും ചെരിപ്പുകളും മറ്റ് അവശ്യസാധനങ്ങളും വിറ്റിരുന്ന വഴിയോരക്കച്ചവടക്കാരും അവരിൽനിന്ന് സാധനങ്ങൾ വാങ്ങാൻ എത്തിയവരുമാണ് അപകടത്തിൽപ്പെട്ടത്. വലിയ സിമന്റ് ഇഷ്ടികകൾകൊണ്ട് കെട്ടിയ മതിൽ മുപ്പത് മീറ്ററോളം നീളത്തിൽ തകർന്നു.
ആശുപത്രി വളപ്പും റോഡും തമ്മിൽ വേർതിരിച്ചുകെട്ടിയ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. ഇഷ്ടികകൾക്ക് അടിയിൽപ്പെട്ടവരെ ഉടൻ പുറത്തെടുത്ത് ബൗറിങ് ആശുപത്രിയിൽത്തന്നെ എത്തിച്ചു. എന്നാൽ, കുട്ടിയുൾപ്പെടെ ഏഴുപേരെ രക്ഷിക്കാനായില്ല.
ശിവാജിനഗർ സെയ്ന്റ് മേരീസ് ബസിലിക്കയിലേക്ക് പോകുന്ന പ്രധാന റോഡിലാണ് അപകടം. വൈകുന്നേരങ്ങളിൽ ഇവിടെ വൻതിരക്ക് അനുഭവപ്പെടാറുണ്ട്. ഏതാനും മാസമായി നീണ്ട വേനൽച്ചൂടിനൊടുവിൽ അപ്രതീക്ഷിതമായി കടന്നുവന്ന മഴ അതിശക്തമായി പെയ്യുകയായിരുന്നു.
ഒരു മണിക്കൂറിലേറെ നീണ്ട മഴയിൽ ബെംഗളൂരു നഗരത്തിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ബെംഗളൂരു: വിമാനയാത്രയുടെ ആവേശം നുകരാനെത്തിവരെ കാത്തിരുന്നത് ദുരന്തം. ലതയും സ്മിതയും അടങ്ങുന്ന സംഘം ബുധനാഴ്ച ഉച്ചയോടെയാണ് ബെംഗളൂരുവിൽ വിമാനം ഇറങ്ങിയത്. ആദ്യമായി വിമാനയാത്ര നടത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു പലരും. ഉച്ചഭക്ഷണത്തിന് ശേഷമാണ് ശിവാജി നഗറിൽ എത്തിയത്. ഇവിടെയുള്ള പ്രശസ്തമായ സെയ്ന്റ് മേരീസ് ബസിലിക്ക സന്ദർശിക്കുകയും ഷോപ്പിങ് നടത്തുകയുമായിരുന്നു ലക്ഷ്യം. കുറച്ചുപേർ ഷോപ്പിങ് നടത്തുമ്പോൾ ബാക്കിയുള്ളവർ ദേവാലയത്തിലായിരുന്നു.
ആദ്യ വിമാനയാത്രയുടെ ആവേശം ദുരന്തത്തിന് വഴിമാറി
മരിച്ച രണ്ടുപേരും പരിക്കേറ്റ മൂന്നുപേരും രാമമംഗലത്തു നിന്നുള്ളവരായിരുന്നു. യാത്രയിലുടനീളം അഞ്ചുപേരും ഒരുമിച്ചായിരുന്നു നടന്നത്. മഴപെയ്തപ്പോഴേക്കും വഴിയോരക്കച്ചവടക്കാർ വലിച്ചുകെട്ടിയ ടാർപായയ്ക്ക് ഉള്ളിലേക്ക് കയറിനിന്നു.
മഴ ശക്തിപ്രാപിച്ചപ്പോൾ മതിൽ ഇടിഞ്ഞു ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. അഞ്ചുപേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലതയുടെയും സ്മിതയുടെയും ജീവൻ പൊലിഞ്ഞു. ഇതോടെ വിനോദയാത്രയുടെ ആവേശം ദുഃഖത്തിന് വഴിമാറി.
പരിക്കേറ്റവർ അപകടാവസ്ഥ തരണം ചെയ്തത് ആശ്വാസമായി. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ രജീനയും അസി. കോഡിനേറ്റർ അനുമോളുമാണ് ഇവർക്കൊപ്പം ആശുപത്രിയിലുള്ളത്.
അപകടത്തിൽ മരിച്ച മറ്റുള്ളവർ
ബെംഗളൂരു സ്വദേശികളായ മുഹമ്മദ് അബ്ദുൾ ഹക്ക് (52), ഫയസ് അഹമ്മദ് (39), മുസ്‌വീർ ബീഗം (ആറ്), ഉത്തർപ്രദേശ് സ്വദേശി സലാഹുദ്ദീൻ അൻസാരി (36), അസം സ്വദേശി നസീമുള്ള (19) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.
കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ
ബെംഗളൂരു: കനത്തമഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ദുരിതാശ്വാസപ്രവർത്തനത്തിന് കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി. രണ്ടുമലയാളികൾ മരിക്കുകയും മൂന്നു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അറിഞ്ഞതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രിയുമായി വേണുഗോപാൽ ആശയവിനിമയം നടത്തി.
അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സയും സൗകര്യങ്ങളും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാക്രമീകരണവും ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Two Malayali women among seven killed in Bengaluru wall collapse. Incident occurred at Shivajinagar near Bowring Hospital during heavy rain. Karnataka CM Siddaramaiah announced 5 lakh compensation for victims' families. KC Venugopal MP intervened to coordinate relief and body repatriation. Injured victims are currently receiving treatment at Bowring Hospital.
Published: 30 Apr 2026, 06:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented