ബെംഗളൂരു: വയനാടിനെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്ടിഡിസി) എക്‌സ് പോസ്റ്റിൽ രാഷ്ട്രീയപ്പോര്. മുഖ്യമന്ത്രിക്കസേര നിലനിർത്താൻ സിദ്ധരാമയ്യ നടത്തുന്ന ഹൈക്കമാൻഡ് പ്രീണനമാണ് ഇതെന്ന് ബിജെപി ആരോപിച്ചു.

To advertise here,

'സാഹസികതയോ ശാന്തതയോ തേടുകയാണോ? രണ്ടും വയനാട്ടിൽ കണ്ടെത്തൂ! മനോഹരമായ പാതകളിലൂടെ ട്രെക്ക് ചെയ്യുക, വെള്ളച്ചാട്ടങ്ങളെ പിന്തുടരുക, കെഎസ്ടിഡിസിക്കൊപ്പം വന്യജീവികളെ കാണുക. ഏറ്റവും മികച്ച പ്രകൃതിയാത്ര നിങ്ങളെ കാത്തിരിക്കുന്നു.' ഒക്ടോബർ 28-ന് സംസ്ഥാന ടൂറിസം കോർപ്പറേഷൻ എക്സിൽ പങ്കുവെച്ച, വയനാട്ടിലേക്കുള്ള രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ടൂർ പാക്കേജിന്റെ പ്രൊമോഷണൽ പോസ്റ്റിൽ ഇങ്ങനെ പറയുന്നു.

'വയനാടിന്റെ ജില്ലാ കളക്ടറായും ഫണ്ട് ശേഖരിക്കുന്ന ആളായും പെരുമാറുന്ന മുഖ്യമന്ത്രിയെ കർണാടക എത്രനാൾ സഹിക്കുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ആർ. അശോക് ചോദിച്ചു. 'നിങ്ങൾ കർണാടകയിലെ നികുതിദായകരുടെ 10 കോടി രൂപ അതിവേഗത്തിൽ വയനാടിന് നൽകി. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകി. ഉരുൾപൊട്ടലിനുശേഷം വയനാട്ടിൽ 100 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കർണാടകയുടെ സ്വന്തം ടൂറിസം കോർപ്പറേഷനായ കെഎസ്ടിഡിസിയെ ഉപയോഗിച്ചു.' അശോക കുറ്റപ്പെടുത്തി.

'കൽബുർഗി, റായ്ച്ചൂർ, യാദ്ഗിർ, ബിദർ, വിജയപുര, ബാഗൽകോട്ട്, ബെലഗാവി എന്നിവിടങ്ങളിലെ നഷ്ടപരിഹാരവും വെള്ളപ്പൊക്ക ദുരിതാശ്വാസവും എവിടെ? കർഷകർ ദുരിതമനുഭവിക്കുന്നു, വീടുകൾ ഒലിച്ചുപോയി. 12.5 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. എന്നാൽ നഷ്ടപരിഹാരം ഇപ്പോഴുമില്ല.' അദ്ദേഹം കൂട്ടിച്ചേർത്തു,

'വയനാട് കർണാടകയുടേതാണോ? അതോ കെഎസ്ടിഡിസി കേരളമായി മാറിയോ? താങ്കളുടെ  പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രീതിപ്പെടുത്താൻ കോൺഗ്രസ് സർക്കാർ കന്നഡ നാടിന്റെ അഭിമാനം പണയംവെക്കുകയാണ്.' ബിജെപി നേതാവും മുൻ മന്ത്രിയുമായ സി.ടി. രവി പറഞ്ഞു.