ബെംഗളൂരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പിവീതം മദ്യം സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ ജെഡിഎസ് എംഎല്‍എ എം.ടി. കൃഷ്ണപ്പ. മദ്യപിക്കുന്നവരുടെ പണംകൊണ്ടാണ് സംസ്ഥാനത്ത് വനിതകള്‍ക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയുംസൗജന്യ വൈദ്യുതപദ്ധതിയും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

'ആണുങ്ങള്‍ക്ക് എന്തെങ്കിലും കൊടുക്കൂ. എന്താണതില്‍ തെറ്റ്' -അദ്ദേഹം ചോദിച്ചു. സൊസൈറ്റികള്‍ വഴി മദ്യം വിതരണംചെയ്യാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.എക്‌സൈസ് നികുതി 36,500 കോടിയില്‍നിന്ന് 40,000 കോടി രൂപയായി വര്‍ധിപ്പിക്കാനുള്ള ബജറ്റിലെ നിര്‍ദേശത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ പരിഹാസരൂപത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

കൃഷ്ണപ്പയുടെ ആവശ്യത്തെ മന്ത്രി കെ.ജെ. ജോര്‍ജ് പുച്ഛിച്ചുതള്ളി. തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാരുണ്ടാക്കി സൗജന്യമായി മദ്യം വിതരണംചെയ്യാന്‍ കൃഷ്ണപ്പയോട് ആവശ്യപ്പെട്ടു. ആളുകളുടെ മദ്യപാനം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടിനല്‍കി.