ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച അഹമ്മദാബാദിൽനിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ എംഎൽഎയെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബസവരാജിന്റെ വരവിനായി പോലീസ് സംഘം കാത്തുനിന്നിരുന്നു.

To advertise here,

കൊലപാതക കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ബസവരാജ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി മണിക്കൂറുകൾക്കകമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025 ജൂലൈ 15-ന് ഭാരതി നഗറിൽ നാൽപതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്.

പ്രതികൾ കാറിലെത്തി ശിവപ്രകാശിനെ അമ്മയുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കിത്തഗനൂർ പ്രദേശത്തെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.