ഭോപാൽ: മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ച് പേരെ മനഃപൂർവ്വമായി വാഹനമിടിച്ച് പരിക്കേൽപിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിയാണ് സംഭവം. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധി അഞ്ച് പേരെ തന്റെ ഥാർ എസ്‌യുവി ഉപയോഗിച്ച് ഇടിച്ചുതെറിപ്പിക്കുകയും റോഡിൽ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. 

To advertise here,

ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും കാൽനടയായി പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും രാവിലെ 7:30 ഓടെയാണ് ദിനേഷ് ലോധിയുടെ വാഹനം ഇടിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയിൽ ദിനേഷ് ലോധി പരിക്കേറ്റവരോട് തർക്കിച്ച് നിൽക്കുന്നത് കാണാം. "ഞാൻ സൈറൺ മുഴക്കിയപ്പോൾ എന്താണ് മാറാത്തത്?" എന്ന് നിസ്സാരമായി ചോദിക്കുന്നുമുണ്ട്. സംഭവം പകർത്തിയവരെയും ദിനേഷ് ലോധി ഭീഷണിപ്പെടുത്തി.

സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീതാ വർമ്മ, പൂജ സോണി എന്നിവർ തലയ്ക്കും കൈകാലുകൾക്കും തോളെല്ലിനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിക്കായി പോവുകയായിരുന്നവരാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. രണ്ട് സ്ത്രീകളാകട്ടെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് അതിവേഗത്തിലെത്തിയ വാഹനം അവരെ പിന്നിൽ നിന്ന് ഇടിച്ചത് എന്നാണ് റിപ്പോർട്ട്.

ദൃക്സാക്ഷികളും പരിക്കേറ്റവരും പറയുന്നതനുസരിച്ച്, വാഹനത്തിന്റെ മുന്നിലും പിന്നിലും പ്രീതം ലോധി എന്നും എംഎൽഎ എന്നും എഴുതിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരേര പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്.

വിഷയത്തിൽ പ്രതികരിക്കവെ, നിയമം അതിന്റെ വഴിക്ക് പോകണമെന്ന് എംഎൽഎ പ്രീതം ലോധി പറഞ്ഞു. "ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം കുടുംബത്തെക്കാൾ വലുത് പൊതുജനമാണ്. ഇരകൾക്ക് നീതി ലഭിക്കണം," അദ്ദേഹം പറഞ്ഞു.