
ബെംഗളൂരു: കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്‌ക്കെതിരേ വംശീയ പരാമർശം നടത്തിയ കര്‍ണാടകമന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്‍ മാപ്പു പറഞ്ഞു. പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് സമീര്‍ അഹമ്മദ് ഖാന്റെ ഖേദപ്രകടനം.
കേന്ദ്ര സ്റ്റീൽ മന്ത്രിയെ കുറിച്ചുള്ള തന്റെ പരാമർശം ആരുടേയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നതായി മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
താനും കുമാരസ്വാമിയും സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ അദ്ദേഹം, കുമാരസ്വാമിയെ കാല അല്ലെങ്കിൽ കാലിയ എന്നു വിളിക്കുന്നത് ആദ്യമായിട്ടല്ലെന്നും സമ്മതിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലം മുതൽ സ്നേഹം കൊണ്ട് പരസ്പരം ഇത്തരം വാക്കുകൾ വിളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ അടുത്തിടപഴകുമ്പോൾ, ഞാൻ കുമാരസ്വാമിയെ കറുത്തവനെന്നും അദ്ദേഹം എന്നെ കുറിയവൻ (ഉയരം കുറഞ്ഞ ആൾ) എന്നും വിളിച്ച് പരസ്പരം കളിയാക്കുമായിരുന്നു. എന്നാൽ എന്റെ വാക്ക് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു', അഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
ചന്നപട്‌നയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി.പി. യോഗീശ്വര ബി.ജെ.പിയില്‍ ചേക്കേറുകയും പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു കുമാരസ്വാമിയ്‌ക്കെതിരേ ഖാന്റെ വിവാദപരാമര്‍ശം.
"നമ്മുടെ പാര്‍ട്ടിയിലെ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. മറ്റു മാര്‍ഗ്ഗമില്ലാതെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. ജെ.ഡി.എസില്‍ ചേരാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാരണം കാലിയ കുമാരസ്വാമി ബി.ജെ.പിയേക്കാള്‍ അപകടകാരിയാണെന്നതുതന്നെ. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്". സി.പി. യോഗീശ്വരയുടെ തിരിച്ചുവരവിനെ കുറിച്ച് ഖാന്‍ പറഞ്ഞു. നിറത്തെ ചൂണ്ടിക്കാട്ടി ആളുകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'കാലിയ'.
സമീര്‍ ഖാന്റെ പരാമര്‍ശത്തെ 'വംശീയാധിക്ഷേപം' എന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയ ജെഡിഎസ്, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖാനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും പരാമര്‍ശത്തിനെതിരെ എക്‌സിലൂടെ പ്രതികരിച്ചിരുന്നു.
Content Highlights: Karnataka minister apologizes for remarks against Kumaraswamy
Published: 12 Nov 2024, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented