ബെംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചതിന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയുള്ള നടപടിയില്‍ മറ്റൊരു അധ്യാപകനേയും നാലു കരാര്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിക്ഷയെന്നോണമാണ് സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കാന്‍ അധികൃതര്‍ വിദ്യാര്‍ഥികളോട്‌ ആവശ്യപ്പെട്ടത്.

To advertise here,

ആറു ദളിത് വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം. ആറു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലായി 19 പെണ്‍കുട്ടികളടക്കം 243 വിദ്യാര്‍ഥികളാണ് കോലാര്‍ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്.

പുറത്ത് ബാഗ് ധരിച്ച വിദ്യാര്‍ഥികളെ കൈയുയര്‍ത്തി മുട്ടുകുത്തി നിര്‍ത്തിച്ച വീഡിയോയും സ്‌കൂളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ശിക്ഷയെത്തുടര്‍ന്ന് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥിയെ കുടിക്കാന്‍ വെള്ളം നല്‍കി സഹായിക്കുന്ന സഹപാഠികളുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി.

പ്രിന്‍സിപ്പല്‍ ഭരതമ്മ, അധ്യാപകനായ മുനിയപ്പ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മറ്റൊരു അധ്യാപകൻ രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

വിദ്യാർഥികൾ സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യം ബക്കറ്റുപയോഗിച്ച് കോരുന്നതും വെള്ളമൊഴിച്ച് കഴുകുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അധ്യാപകനും പ്രിൻസിപ്പലും ഇവർക്ക് നിർദേശങ്ങൾ നൽകി സമീപത്തുണ്ടായിരുന്നു. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന ആറു വിദ്യാർഥികളെയാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ നിയോഗിച്ചത്. സമാനമായരീതിയിൽ സ്കൂൾ മൈതാനവും ക്ലാസ്‌മുറികളും വൃത്തിയാക്കാൻ സ്കൂൾ അധികൃതർ വിദ്യാർഥികളെ നേരത്തെയും നിയോഗിച്ചിരുന്നതായി ആരോപണമുണ്ട്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രത്യേക സ്കൂളാണ് മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂൾ. കുട്ടികളുടെ ഹോസ്റ്റലിൽ ആവശ്യമായ സൗകര്യമില്ലെന്നും വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്നുമുൾപ്പെടെ നേരത്തേയും ഒട്ടേറെ പരാതികൾ സ്കൂളിനെതിരേ ഉയർന്നിരുന്നു.