ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും. സ്ഥാനമൊഴിയാൻ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. രാജ്യസഭാംഗമായി ദേശീയരാഷ്ട്രീയത്തിൽ സജീവമാകാൻ രാഹുൽ നിർദേശിച്ചതായാണ് വിവരം. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിലാണ് രാഹുൽ ഈ നിർദേശം മുന്നോട്ടുവെച്ചത്. സിദ്ധരാമയ്യ ഇതിനെ എതിർത്തില്ലെന്നാണ് വിവരം. അതിനിടെ ചർച്ചയ്ക്കുശേഷം സിദ്ധരാമയ്യ ചൊവ്വാഴ്ച രാത്രിതന്നെ ബെംഗളൂരുവിലേക്ക് മടങ്ങി. അദ്ദേഹം ഈ ആഴ്ചതന്നെ രാജിവെച്ചേക്കുമെന്നും അഭ്യൂഹമുയർന്നു.

To advertise here,

കർണാടകത്തിലെ അധികാരവടംവലിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും വിളിച്ചുവരുത്തി കോൺഗ്രസ് ഹൈക്കമാൻഡ് ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, എ.ഐ.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകത്തിലെ പാർട്ടിയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവർ ഇരുനേതാക്കളുമായി പലവട്ടം ചർച്ചനടത്തി.

സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന് മുൻപ് നൽകിയ വാക്ക് പാലിക്കണമെന്നാണ് ശിവകുമാറിന്റെ നിലപാട്. അഞ്ചുവർഷവും മുഖ്യമന്ത്രിസ്ഥാനത്ത് തികയ്ക്കുമെന്ന് സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു. തർക്കത്തിൽനിന്ന് ഇരുവിഭാഗവും പിന്മാറാതെ തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് ചർച്ചയ്ക്കുവിളിച്ചത്.

അതേസമയം, നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചനടന്നെന്ന അഭ്യൂഹം കെ.സി. വേണുഗോപാൽ തള്ളി. കർണാടകത്തിലെ രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും മാത്രമാണ് ചർച്ചചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയെല്ലാം അഭ്യൂഹങ്ങൾമാത്രമാണെന്നും വ്യക്തമാക്കി. കർണാടകത്തിൽനിന്നുള്ള രാജ്യസഭാസ്ഥാനാർഥികളെ മറ്റുസംസ്ഥാനങ്ങളിലെ സ്ഥാനാർഥികൾക്കൊപ്പം പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

മന്ത്രിമാരായ ജി. പരമേശ്വര, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, കെ.ജെ. ജോർജ്, ബൈരതി സുരേഷ്, ബി.കെ. ഹരിപ്രസാദ് എം.എൽ.സി. എന്നിവരും ഒട്ടേറെ എം.എൽ.എ.മാരും എം.എൽ.സി.മാരും ഡൽഹിയിലെത്തിയിരുന്നു.