ബെംഗളൂരു: കന്നഡ അറിയാത്തതിന്റെ പേരില്‍ കര്‍ണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സര്‍ക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍ ജീവനക്കാരിയോട് ക്ഷോഭിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. 

To advertise here,

അക്കൗണ്ടില്‍നിന്ന് കാരണംവ്യക്തമാക്കാതെ പണം പിടിച്ചത് സംബന്ധിച്ച് അറിയാനാണ് അക്കൗണ്ടുടമയായ സ്ത്രീ ബാങ്കിലെത്തിയത്. എന്നാല്‍, ജീവനക്കാരിക്ക് കന്നഡ അറിയാത്തതിനാൽ ഇംഗ്ലീഷിലാണ് സംസാരിച്ചത്. കന്നഡയില്‍ സംസാരിക്കാത്തതിനാല്‍ ജീവനക്കാരി പറഞ്ഞതൊന്നും തനിക്ക് മനസിലായില്ലെന്നായിരുന്നു സ്ത്രീയുടെ ആരോപണം. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കന്നഡയില്‍ സംസാരിക്കണമെന്നും സ്ത്രീ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ബാങ്ക് ജീവനക്കാരി മലയാളിയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം, വീഡിയോ വൈറലായതോടെ കന്നഡ അനുകൂല സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു. കന്നഡ സംസാരിക്കാനറിയാത്ത ജീവനക്കാരെ നിയമിക്കുന്നതില്‍ സംഘടനകള്‍ ബാങ്കുകള്‍ക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചു. ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തവരുള്ള ഗ്രാമപ്രദേശങ്ങളിലെ ശാഖകളിലെങ്കിലും കന്നഡ സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

സംഭവം വിവാദമായതോടെ കനറാ ബാങ്ക് അധികൃതരും വിശദീകരണവുമായി രംഗത്തെത്തി. ''കന്നഡയാണ് ഞങ്ങളുടെ അടിത്തറ. നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി. കനറാ ബാങ്കിന് കര്‍ണാടക ഒരു വെറും ഒരു സംസ്ഥാനം മാത്രമല്ല, ഇത് ഞങ്ങളുടെ ജന്മസ്ഥലം കൂടിയാണ്. കന്നഡ ഞങ്ങള്‍ക്ക് വെറുമൊരു ഭാഷയല്ല, അതൊരു വികാരവും അഭിമാനവുമാണ്. സംസ്ഥാനത്തെ എല്ലാ ശാഖകളിലും പ്രാദേശികഭാഷകളില്‍ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'', കനറാ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ നിരവധി ഭാഷകളുള്ള രാജ്യമായതിനാല്‍ നിയമനങ്ങളില്‍ ചിലപ്പോഴെല്ലാം വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടാറുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. 

നേരത്തേ കര്‍ണാടകയിലെ മറ്റൊരു ബാങ്കിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അനേകലിലെ എസ്ബിഐ ബാങ്ക് മാനേജര്‍ക്കെതിരേയാണ് കന്നഡ സംസാരിക്കാത്തതിന്റെ പേരില്‍ കടുത്തപ്രതിഷേധമുണ്ടായത്. കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ വനിതാ മാനേജരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരേ പ്രതിഷേധമുയരുകയും മാനേജരെ സ്ഥലംമാറ്റുകയുംചെയ്തിരുന്നു.