ചെന്നൈ: ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ഇപ്പോൾ ‘വി ദ ലീഡർ’ എന്ന പേരിൽ സംഘടന രൂപവത്കരിക്കുമെന്നും പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ-പൊതു ജീവിതത്തിലെ അടുത്തഘട്ടം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

To advertise here,

മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ഒരു വിഷയത്തിൽ ബിജെപിയുമായി എതിർക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ശക്തമായിത്തന്നെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു ലക്ഷ്യവുമായിട്ടാണ് ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യോത്തര രീതിയാലിരുന്നു അദ്ദേഹത്തിന്റെ ലൈവ്. ഉപയോക്താക്കളുടെ ചില ചോദ്യങ്ങൾക്ക് അദ്ദേഹം ലൈവിൽകൂടി മറുപടി നൽകുകയും ചെയ്തു.

സാധാരണക്കാരുടെ രാഷ്ട്രീയമാണ് നമുക്കാവശ്യം. നമ്മുടെ ലക്ഷ്യം വളരെ വലുതാണ്. ബിജെപിയുമൊത്തുള്ള ആറ് വർഷത്തെ രാഷ്ട്രീയ ജീവിതം ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള അവസരമായിട്ടാണ് ഞാൻ കരുതുന്നത്. ഇനിമുതൽ മറ്റേതൊരു പാർട്ടിയെപ്പോലെത്തന്നെയാണ് ബിജെപിയും. തമിഴ്നാട്ടിൽ യഥാർത്ഥ മാറ്റങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന ഒരു രാഷ്ട്രീയമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിൽനിന്ന് പുറത്തുവരേണ്ട സമയമാണെന്നും സാധാരണക്കാരുടെ രാഷ്ട്രീയമാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

www.wetheleader.org എന്ന വെബ്സൈറ്റും അണ്ണാമലൈ തുറന്നു. തന്നെ പിന്തുണക്കുന്നവർക്ക് ഈ വെബ്സൈറ്റിലൂടെ അംഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തമിഴ്നാട്ടിൽ എല്ലായിടത്തിലും, അടിമുതൽ മേൽ വരെ മാറ്റം കൊണ്ടുവരും. ഒരു പുതിയ തലമുറയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരും. ജെൻ ആൽഫാ, ജെൻസി, യുവാക്കൾ, വയോധികർ തുടങ്ങി എല്ലാവരുടേയും പ്രശ്നങ്ങളിൽ ഇടപെടുമെന്നും വരുംദിവസങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.