
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ വൻതോതിൽ പണം കണ്ടെത്തിയ കേസിൽ ഇംപീച്ച്മെന്റ് നടപടികളിലേക്ക് പാർലമെന്റ് കടന്നതോടെ, ജസ്റ്റിസ് യശ്വന്ത് വർമയ്ക്കുമുന്നിൽ ഇനി വഴി രാജിമാത്രമെന്ന് വിദഗ്‌ധർ. പാർലമെന്റിലെത്തി എംപിമാർക്കുമുന്നിൽ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുംമുൻപ് രാജി പ്രഖ്യാപിക്കാൻ ജസ്റ്റിസ് വർമയ്ക്കുമുന്നിൽ തടസ്സങ്ങളില്ലെന്നാണ് ഇത്തരം നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പറയുന്നത്.
പാർലമെന്റ് നടപടിയിലൂടെ പുറത്താക്കപ്പെട്ടാൽ ജസ്റ്റിസ് വർമയ്ക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. അതിനുമുൻപ് സ്വമേധയാ രാജിെവച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിക്കുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കും. ഭരണഘടനയുടെ 217-ാം അനുച്ഛേദമനുസരിച്ച് ജഡ്ജിയുടെ രാജിക്ക് പ്രത്യേക അംഗീകാരം ആവശ്യമില്ല. കേവലം രാജിക്കത്ത് മതി. രാജിെവച്ചശേഷം ഓഫീസ് ഒഴിയാൻ ജഡ്ജിക്കുതന്നെ നിശ്ചിത തീയതി നിർദേശിക്കാം. ഈ തീയതിക്ക് തൊട്ടുമുൻപുവരെ രാജി പിൻവലിക്കാനും അവകാശമുണ്ടാകും.
ജസ്റ്റിസ് വർമയ്ക്കെതിരായ ആരോപണങ്ങളിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ കഴിഞ്ഞദിവസമാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചത്. നവംബറിലെ ശീതകാലസമ്മേളനത്തിൽ സമിതിയുടെ റിപ്പോർട്ട് ലഭ്യമാക്കി പാർലമെന്റ് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. പുറത്താക്കൽ പ്രമേയം പാർലമെന്റ് അംഗീകരിച്ചാലും രാഷ്ട്രപതിയുടെ ഉത്തരവിലൂടെയേ അത് നടപ്പാകൂ.
പാർലമെന്റിലെ നടപടികൾ ഇങ്ങനെ
:മൂന്നംഗ സമിതിയുടെ റിപ്പോർട്ടുലഭിച്ചാൽ ലോക്‌സഭയിലെ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഇംപീച്ച്മെന്റ് നടപടിക്കായി സ്പീക്കർ തീയതി നിശ്ചയിക്കും. ആ ദിവസം ഹാജരാകാൻ ജസ്റ്റിസ് വർമയോട് ആവശ്യപ്പെടും. അംഗങ്ങൾക്കുമാത്രം പ്രവേശനമുള്ള സഭാ ചേംബറിനകത്ത് അദ്ദേഹത്തിന് ഇരിപ്പിടമുണ്ടാവില്ല.
ചേംബറിനുപുറത്ത് ലോബിയിൽ പ്രത്യേക കസേരയും മൈക്രോഫോണും അനുവദിക്കും. എംപിമാരുടെ വാദങ്ങൾക്ക് കസേരയിൽനിന്ന് എഴുന്നേറ്റുനിന്നാകണം മറുപടി പറയേണ്ടത്. നടപടിക്രമം രണ്ടുദിവസമെങ്കിലും നീണ്ടുനിൽക്കും. ലോക്‌സഭ അംഗീകരിച്ചശേഷം രാജ്യസഭയിലും സമാന നടപടികളുണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ ജസ്റ്റിസ് വർമയുടെ വിശദീകരണവുമുണ്ടാകും.
Content Highlights: Impeachment Looms: Justice Yashwant Varma Faces Potential Resignation Over Cash Seizure
Published: 14 Aug 2025, 06:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented