ചെന്നൈ: കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ട ജസ്റ്റിസ് നിഷ ബാനു മൂന്നാഴ്ചയായിട്ടും ചുമതലയേൽക്കാത്തത് ന്യായാധിപ അച്ചടക്കലംഘനമാണെന്നു കാണിച്ച് മദ്രാസ് ഹൈക്കോടതിയിലെ 50 അഭിഭാഷകർ രാഷ്ട്രപതിക്ക് കത്തയച്ചു.

To advertise here,

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നിഷ ബാനു ഉൾപ്പെടെ 13 ജഡ്ജിമാരെ സ്ഥലംമാറ്റാൻ ഓഗസ്റ്റ് 27-നാണ് സുപ്രീംകോടതി കൊളീജിയം ശുപാർശനൽകിയത്. രാഷ്ട്രപതിയുടെ തീരുമാനപ്രകാരം കേന്ദ്രം ഒക്ടോബർ 14-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കി. മറ്റു ജഡ്ജിമാരെല്ലാം ഇതനുസരിച്ച് അതതു ഹൈക്കോടതികളിലെത്തി ചുമതലയേറ്റെടുത്തു. എന്നാൽ, ഒക്ടോബർ 14-ന് മദ്രാസ് ഹൈക്കോടതിയിലെ വിചാരണാ നടപടികളിൽനിന്ന് ഒഴിഞ്ഞ ജസ്റ്റിസ് നിഷ ബാനു ഇതുവരെ കേരള ഹൈക്കോടതിയിലെത്തി ചുമതലയേറ്റിട്ടില്ല.

സീനിയോറിറ്റി അനുസരിച്ച് മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് നിഷ ബാനു. കേരള ഹൈക്കോടതിയിൽ ചുമതലയേറ്റാൽ ഈ സീനിയോറിറ്റി നഷ്ടപ്പെടും.

ഇക്കാര്യം പരിഗണിച്ച് അവരെ സ്ഥലംമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ അഭിഭാഷകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.