ചെന്നൈ: ദൈവത്തിന്റെ ഭാഗമായി ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവരെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നും വിശേഷിപ്പിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. 'തമിഴ്നാട്ടിൽ ചിലർ സ്വയം യുക്തിവാദികൾ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണുന്ന ഞങ്ങളെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നും അവർ വിളിക്കുന്നു. അങ്ങനെ പറയുന്നവരാണ് വിഡ്ഢികൾ, മര്യാദയില്ലാത്തവർ, ക്രൂരന്മാർ എന്ന് ഞാൻ പറയും' ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞു.

To advertise here,

തമിഴ്‌നാട്ടിലെ തിരുപ്പറംകുണ്ഡ്രത്തിലെ ചരിത്രപ്രസിദ്ധമായ ദർഗയ്ക്ക് സമീപമുള്ള കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കുന്നതിന് അനുമതി നൽകിയതിലൂടെ അടുത്തിടെയും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വിവാദത്തിലകപ്പെട്ടിരുന്നു. തമിഴ്‌നാട് സർക്കാർ ഈ വിധിക്കെതിരെ രംഗത്തെത്തുകയും പക്ഷപാതം, നിഷ്പക്ഷതയില്ലായ്മ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഡിഎംകെയുടെ നേതൃത്വത്തിൽ ഇംപീച്ച്‌മെന്റ് നടപടികളും തുടങ്ങിയിരുന്നു.

'എനിക്ക് ഇനിയും നാല് വർഷം കൂടി സർവീസുണ്ട്. ഞാൻ മുന്നോട്ട് വന്ന് കൂടുതൽ ധൈര്യത്തോടെ പ്രവർത്തിക്കണമെന്ന് എനിക്ക് തോന്നുന്നു' എന്നും ആത്മീയ സംഘടനയുടെ പരിപാടിക്കിടെ ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു. ധൈര്യവും പിന്തുണയും ഒരു ഗുരുവിന്റെ കൃപയിലൂടെ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും ജസ്റ്റിസ് സ്വാമിനാഥൻ നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയെ 'പകർത്തിയെഴുതിയ' ഒരു രേഖയായി വിശേഷിപ്പിച്ചതിനും അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.