
ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ കാബിനറ്റ് റാങ്കോടെ മൂന്നാം മോദിമന്ത്രിസഭയിലെത്തിയതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് ബിജെപി നേതൃത്വം. നഡ്ഡയുടെ പിന്‍ഗാമിയായി പ്രധാനമായും പറഞ്ഞുകേട്ടിരുന്ന ശിവരാജ് സിങ് ചൗഹാന്‍, ധര്‍മ്മേന്ദ പ്രധാന്‍, ഭൂപേന്ദ്ര യാദവ് എന്നീ മുതിര്‍ന്ന നേതാക്കളെല്ലാം മന്ത്രിസഭയിലെത്തിയതോടെ ആ സാധ്യതകള്‍ അടഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, വിനോദ് താവ്‌ഡെ ഇവരില്‍ ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത തള്ളാനാകില്ല.
കഴിഞ്ഞ കാബിനറ്റില്‍നിന്ന് പുതിയ ടീമിനെ മോദി തിരഞ്ഞെടുത്തപ്പോള്‍ ഒഴിവാക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേര്‍ രവിശങ്കര്‍ പ്രസാദും അനുരാഗ് ഠാക്കൂറുമാണ്. യുവമോര്‍ച്ച മുന്‍ അധ്യക്ഷന്‍ കൂടിയായ അനുരാഗ് ഠാക്കൂര്‍ പാര്‍ട്ടിയില്‍ സുപ്രധാന ചുമതലയിലേക്ക് വരുമെന്ന് ഉറപ്പാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുതന്നെ അദ്ദേഹത്തെ കൊണ്ടുവന്നേക്കും. നേരത്തെ, നഡ്ഡയുടെ വരവോടെയാണ് ഹിമാചലില്‍ നിന്നുതന്നെയുള്ള അനുരാഗ് ഠാക്കൂറിന് വഴിയടഞ്ഞത്.
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രവിശങ്കര്‍ പ്രസാദ് മുതിര്‍ന്ന നേതാക്കളില്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഇടയുള്ള നേതാവാണ്. നഡ്ഡയുടെ പിന്തുണയാണ് വിനോദ് താവഡയ്ക്ക് സാധ്യത കൂട്ടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ നേതാവായ താവ്‌ഡെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ എതിര്‍പക്ഷക്കാരനാണ്. ഇടക്കാലത്ത് ഒതുക്കപ്പെട്ടെങ്കിലും അമിത് ഷായാണ് ദേശീയ തലത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയും ജനറല്‍ സെക്രട്ടറിയാക്കുകയും ചെയ്തത്. മറാത്ത നേതാവായ താവ്‌ഡെ കൊങ്കണ്‍ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ്. കൊങ്കണിലെ പ്രധാനിയായ നാരായണ്‍ റാണെയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ബിജെപി ഒഴിവാക്കിയതും താവ്ഡയുടെ പ്രമോഷന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ജനറല്‍ സെക്രട്ടറിയായ സുനില്‍ ബന്‍സാല്‍ യുപി വിജയത്തിന്റെ ശില്‍പികളില്‍ മോദിക്കും ഷായ്ക്കും ഒപ്പംനിന്നയാളാണ്. യുപി ദൗത്യത്തിന് ശേഷം ഒഡീഷ, തെലങ്കാന ദൗത്യവും വിജയത്തിലെത്തിച്ചത് രാജസ്ഥാനില്‍നിന്നുള്ള ആര്‍എസ്എസ് പ്രചാരകനായ ബന്‍സാലിന് മുതല്‍ക്കൂട്ടാണ്. അമിത് ഷായുടെ വിശ്വസ്തനുമാണ്.
സീനിയോറിറ്റി മാനദണ്ഡമായാല്‍ രാജസ്ഥാനില്‍നിന്നുള്ള ഓം മാഥൂരിന് നറുക്കുവീഴാം. ചത്തീസ്ഗഢില്‍ കഴിഞ്ഞ വര്‍ഷം ബിജെപി പ്രവചനങ്ങള്‍ മറികടന്ന് തിളക്കമാര്‍ന്ന വിജയം നേടിയതിന് പിന്നില്‍ ഓം മാഥൂറിന്റെ സമര്‍ഥമായ തന്ത്രങ്ങളായിരുന്നു. സംഘടനാരംഗത്തെ തഴക്കവും പഴക്കവും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാണ്.
മറ്റൊരാള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷാണ്. പക്ഷേ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി അദ്ദേഹത്തിന്‍റെ സാധ്യത കുറയ്ക്കുന്നു. മന്ത്രിസഭയില്‍ അപ്രതീക്ഷിത സസ്‌പെന്‍സുകള്‍ വന്നതുപോലെ, പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നകാര്യത്തിലും അത്തരം നീക്കങ്ങൾ ഉണ്ടായിക്കൂടായെന്നുമില്ല.
Content Highlights: JP Nadda, Sunil Bansal, Vinod Tawde, Om Mathur, BL Santhosh
Published: 10 Jun 2024, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented