
ന്യൂഡൽഹി: ജോർജ് കുര്യനും ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന ജയരാജ് കൈമളും ശനിയാഴ്ച വൈകിട്ടാണ് കേരളാ ഹൗസിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ വരെയും കേരളാ ഹൗസിലെ 308 -ാം നമ്പർ മുറിയിലുണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലായിരുന്നു മുറിയെടുത്തിരുന്നത്. മുഖ്യമന്ത്രിയും ഗവർണറുമുൾപ്പെടെ കേരളാ ഹൗസിലുണ്ടായിരുന്നതിനാൽ വലിയ തിരക്കുണ്ടായിരുന്നു. കാത്തുനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ജോർജ് കുര്യൻ മുറിയിലേക്ക് പോയത്.
മോദി 3.0 മന്ത്രിസഭയിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഈഴവ വിഭാഗത്തിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അനിൽ ആന്റണിയേയോ മറ്റോ ആയിരിക്കും പരിഗണിക്കുകയെന്നായിരുന്നു വിലയിരുത്തൽ. യാതൊരുവിധ സൂചനകളും നൽകാതെ തികച്ചും സാധരണക്കാരനെപ്പോലെയായിരുന്നു ജോർജ് കുര്യന്റെ സമീപനം. ചില സംശയങ്ങൾ ഉയർന്നതോടെ മാധ്യമപ്രവർത്തകരിൽ ചിലർ വിഷയം സംബന്ധിച്ച് ആരാഞ്ഞെങ്കിലും സൗമ്യനായി ചിരിച്ചുകൊണ്ട് എനിക്ക് അറിയില്ല എന്നായിരുന്നു മറുപടി. 12.30 ന് പാർട്ടി ഓഫീസിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും 11.30 ന് തന്നെ ഒരു വാഹനമെത്തുകയും അദ്ദേഹം അതിൽ കയറിപോകുകയുമായിരുന്നു.
9 മണി മുതലാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നിയുക്ത കേന്ദ്രമന്ത്രിമാരെ ഫോണിൽ ബന്ധപ്പെട്ടുതുടങ്ങിയത്. അതിന് ശേഷം ഏകദേശം ഒന്നരമണിക്കൂറോളം ജോർജ് കുര്യൻ കേരളാ ഹൗസിലുണ്ടായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സൂചനകളും ആർക്കും നൽകിയിരുന്നില്ല. ആരുമറിയാതെ തിരക്കിനിടയിൽ അദ്ദേഹം കേരളാ ഹൗസിൽ നിന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോകുകയും ചെയ്തു.
അതീവ രഹസ്യസ്വഭാവത്തിലായിരുന്നു ജോർജ് കുര്യന്റെ യാത്രയത്രയും. പ്രധാനമന്ത്രിയുടെ വസതിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഏറ്റവും പിന്നിലായി സ്ഥാനം പിടിച്ചിരുന്ന അദ്ദേഹത്തെ ദൃശ്യങ്ങളിൽ ഒറ്റനോട്ടത്തിൽ കണ്ടെത്താൻകൂടി കഴിയില്ലായിരുന്നു.
സുപ്രീംകോടതി അഭിഭാഷകനായി അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായി സേവനം ചെയ്തിട്ടുണ്ട്. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
Content Highlights: Journey to Modi 3.0 Cabinet from Room 308 of Kerala House
Published: 09 Jun 2024, 09:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented