
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ 60 ശതമാനം പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയത്.
ഉദ്യോഗസ്ഥ തലത്തിൽ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ മുതൽ അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുവരെ കൂടുതൽ ജീവനക്കാരെ നിയമിക്കുവാനാണ് തീരുമാനം. ഇതിനുപുറമെ, ഇഡിയിലെ നിയമവിഭാഗം ഉൾപ്പെടെ മറ്റ് വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും.
നിയമവിഭാഗത്തിൽ 61 പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇഡി അന്വേഷിച്ചുവരുന്ന കേസുകളുടെ എണ്ണത്തിൽ വലിയതോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.
മാർച്ച് 31-ലെ കണക്ക് പ്രകാരം 8851 പിഎംഎൽഎ കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽതന്നെ 1187 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2396 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകളിൽനിന്നായി ഏകദേശം 2.35 ലക്ഷം കോടിയാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.
ഫെമ (FEMA) കേസുകളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ ഇഡി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഫെമ കേസുകളുടെ എണ്ണ 44369 ആണ്.
2022-ൽ ഇഡി ഡയറക്ടറായിരുന്ന സഞ്ജയ് മിശ്ര ജീവനക്കാരുടെ എണ്ണം മൂന്നിരട്ടി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് കേന്ദ്രസർക്കാരിന് നൽകിയിരുന്നു. പക്ഷേ, അന്നത് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നില്ല. പുതുതായി ചുമതലയേറ്റ ഇഡി ഡയറക്ടർ രാഹുൽ നവീനാണ് ഉദ്യോഗസ്ഥരുടെ എണ്ണം 60% വർധിപ്പിക്കണമെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയത്.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏകദേശം 1200 മുതൽ 1300 വരെ ജീവനക്കാരാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ജോലിക്ക് കയറുക. നിലവിൽ 2100-ഓളം ജീവനക്കാരാണ് ഈ ഡിപ്പാർട്ടുമെന്റിൽ ജോലിചെയ്യുന്നത്.
Content Highlights: 60% increase in ED workforce sanctioned by the Finance Ministry. Creation of 1200-1300 new posts ranging from Assistant Enforcement Officers to Additional Directors. Approval for 61 new public prosecutors in the legal division. Driven by a significant rise in PMLA and FEMA investigations. Total ED staff strength set to increase from 2100 to over 3300.
Published: 28 May 2026, 03:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented