അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. അസം പോലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

To advertise here,

ജിഗ്നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ഇന്ന് തന്നെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ദളിതുകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ് മേവാനി കഴിഞ്ഞ വര്‍ഷമാണ് കനയ്യ കുമാറിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.