
രാഷ്ട്രീയ പ്രതിസന്ധികളില്‍ ആടിയുലഞ്ഞതായിരുന്നു ജാർഖണ്ഡിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംസ്ഥാനഭരണം. അധിക്കാരക്കസേരയില്‍ പലതലവണ മാറ്റമുണ്ടായി. ജാർഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ഉള്‍പ്പെട്ട ഇന്ത്യ സഖ്യവും ബി.ജെ.പിയും രാഷ്ട്രീയഗോദയില്‍ അരയും തലയും മുറുക്കി കളത്തിലിറങ്ങി. മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന്റെ രാജി, ചംപായ് സോറന്റെ വരവ്, ഒടുക്കം പാര്‍ട്ടി വിട്ട് ബി.ജെ.പി പാളയത്തിലേക്കുള്ള കൂടുമാറ്റം. അഞ്ച് വര്‍ഷം ജെ.എം.എം എന്ന പാര്‍ട്ടിയേയും നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെയും സംബന്ധിച്ച് നിലയ്ക്കാത്ത പ്രതിസന്ധികളായിരുന്നു. ഒടുക്കം നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. ജാർഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23-നും നടക്കും.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ ക്വാറി ലൈസൻസ് കേസിലാണ് ആദ്യമായി പ്രതിസന്ധി നേരിടുന്നത്. ക്വാറി ലൈസന്‍സ് കേസില്‍ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യതയാണ് സോറനെ പ്രതിസന്ധിയിലാക്കിയത്. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. സോറന്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. അതോടെ മുഖ്യമന്ത്രിപദത്തില്‍നിന്നു തത്കാലം മാറി നില്‍ക്കാനൊരുങ്ങിയിരുന്നു ഹേമന്ത് സോറന്‍.
എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ജെ.എം.എം സഖ്യം ഭൂരിപക്ഷം തെളിയിച്ചു. ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ തീരുമാനമറിയിക്കുന്നതിന് മുമ്പാണ് വിശ്വാസം തെളിയിച്ചത്. ഇക്കാര്യത്തിലെ അനിശ്ചിതത്വം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. 81 അംഗ സംസ്ഥാന നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം.എല്‍.എ.മാരാണുണ്ടായിരുന്നത്. സഖ്യത്തിലെ ജാർഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിക്ക് മാത്രം 30 എം.എല്‍.എമാരും കോണ്‍ഗ്രസിന് 18 പേരുടെ പിന്തുണയുമുണ്ടായി. ബി.ജെ.പി.ക്ക് 26 എം.എല്‍.എ.മാരും
വർഷങ്ങൾക്കിപ്പുറം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വന്നത് ഹേമന്ത് സോറനെ അക്ഷരാർഥത്തിൽ വെട്ടിലാക്കി. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് ഇ.ഡി. രജിസ്റ്റർചെയ്തത്. ഇ.ഡി.അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി ജാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം ഹേമന്ത് സോറൻ രാജിവെക്കുകയും ചെയ്തു. ഗതാഗതമന്ത്രിയായിരുന്ന ചംപൈ സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നാലെ ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് അധികാരമൊഴിഞ്ഞതോടെ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറന്‍ താത്പര്യപ്പെട്ടിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, അവകാശവാദവുമായി ഇളയ സഹോദരന്‍ ബസന്ത് സോറന്‍, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറന്‍ എന്നിവര്‍ രംഗത്തെത്തിയതോടെ കുടുങ്ങുകയും ചെയ്തു. ജെ.എം.എം. സ്ഥാപകന്‍ ഷിബു സോറന്‍ പോലും ബസന്തിനെയായിരുന്നു പിന്തുണച്ചിരുന്നത്. എം.എല്‍.എ. പോലുമല്ലാത്ത ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ശമുണ്ടായിരുന്നു. പക്ഷേ, ബസന്തിനെയോ സീതയെയോ മുഖ്യമന്ത്രിയാക്കാന്‍ താത്പര്യപ്പെടാതിരുന്ന ഹേമന്ത് സോറന്‍ ചംപായി സോറനെ മുഖ്യമന്ത്രിയാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
എന്‍.ഡി.എ.യിലേക്ക് കൂറുമാറാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് മോദി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണ് സോറനെതിരേയുണ്ടായതെന്നാണ് ഇന്ത്യ സഖ്യം ആരോപണം ഉന്നയിച്ചത്. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഹേമന്ത് സോറൻ വീണ്ടും അധികാരക്കസേരയിലെത്തി. തെളിവ് നശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇ.ഡി. വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്നു തോന്നുന്നില്ലെന്നും കോടതി വിലയിരുത്തി.ഇന്ത്യസഖ്യത്തിന് വലിയ ആശ്വാസമായിരുന്നു ഹേമന്ത് സോറന്റെ ജാമ്യം. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
എന്നാൽ അത് പാർട്ടിയിൽ മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. മുഖ്യമന്ത്രിപദം രാജിവെക്കേണ്ടിവന്നതിന് പിന്നാലെ ചംപായ് സോറൻ പാർട്ടി വിട്ടു. അപമാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും ഒടുവിലാണ് താന്‍ മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മുന്നില്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക. രണ്ട്, മറ്റൊരു സംഘടനയുണ്ടാക്കുക. മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം യാത്ര തുടരുക', അദ്ദേഹം എക്‌സില്‍ കുറിച്ചു.
പാർട്ടിവിട്ട് ചംപായ് സോറന്‍ ബി.ജെ.പിയിൽ ചേർന്ന രാഷ്ട്രീയകരുനീക്കത്തിനാണ് പിന്നീട് ജാർഖണ്ഡ് സാക്ഷ്യം വഹിച്ചത്. സർക്കാരിന്റെ പ്രവർത്തശൈലിയും നയങ്ങളുമാണ് പാർട്ടിവിടാൻ തന്നെ പ്രേരിപ്പിച്ചതെന്നാരോപിച്ചാണ് ജെ.എം.എമ്മിൽനിന്ന് സോറന്‍ രാജിവെച്ചത്. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപായ് സോറന്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്. ഇതെങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുകയെന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Content Highlights: jharkhand assembly election 2024 politics jmm bjp
Published: 15 Oct 2024, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented