കൊല്ലം: രാജ്യത്ത് ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞതും നിലവിലെ പദ്ധതിയിൽ അഴിമതി വർധിച്ചതുമാണ് തൊഴിലുറപ്പ് പദ്ധതി അഴിച്ചുപണിയാൻ കാരണമെന്ന ന്യായീകരണവുമായി കേന്ദ്രസർക്കാർ. വിബി ജി റാം ജി പദ്ധതിയുടെ ആവശ്യകതയെന്തെന്ന വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

To advertise here,

2005-ലെ ഇന്ത്യയിലെ ഗ്രാമീണ സാഹചര്യങ്ങളെ മുൻനിർത്തിയാണ് പഴയ തൊഴിലുറപ്പ് പദ്ധതി രൂപകല്പന ചെയ്തത്. എന്നാൽ, അതിനുശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങളും പുരോഗതിയും ഉണ്ടായി. 2011-12 കാലത്ത് 25.7 ശതമാനം ആയിരുന്ന ദാരിദ്ര്യ നിരക്ക്, 2023-24 ആയപ്പോഴേക്കും 4.86 ശതമാനം ആയി കുറഞ്ഞു. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടത്, വരുമാന വർധന, മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങൾ, ഉപഭോഗത്തിലുണ്ടായ വർധന എന്നിവയാണ് ഇതിനു കാരണമായി പറയുന്നത്. എന്നാൽ പദ്ധതിയുടെ പേരിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരണത്തിൽ ഒന്നും പറയുന്നില്ല.

മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ഗതാഗത സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളുടെ ലഭ്യതയും വർധിച്ചു. അതിനാൽ, പഴയ ചട്ടക്കൂട് ഇപ്പോഴത്തെ ഗ്രാമീണ സാഹചര്യങ്ങൾക്ക് യോജിച്ചതല്ല എന്നാണ് വിലയിരുത്തൽ.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിലെ അഴിമതിയും മേൽനോട്ടക്കുറവും ഗുരുതരമായ തലത്തിലെത്തിയതായും സർക്കാർ രേഖ ചൂണ്ടിക്കാണിക്കുന്നു. 2024-25 സാമ്പത്തികവർഷം മാത്രം വിവിധ സംസ്ഥാനങ്ങളിലായി 193.67 കോടി രൂപയുടെ ദുരുപയോഗം കണ്ടെത്തി. കോവിഡനന്തര കാലയളവിൽ, പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങളിൽ വെറും 7.61 ശതമാനം കുടുംബങ്ങൾക്കു മാത്രമാണ് 100 ദിവസത്തെ പൂർണ തൊഴിൽ ലഭിച്ചത്. അഴിമതി ആരോപണങ്ങൾ ചില സംസ്ഥാനങ്ങളിൽ പദ്ധതിയുടെ പ്രവർത്തനംതന്നെ സ്തംഭിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. പശ്ചിമ ബംഗാളിലെ 19 ജില്ലകളിൽ ഇല്ലാത്ത പണികൾക്ക് ഫണ്ട് വകമാറ്റിയതായി കണ്ടെത്തി. അവിടെ തൊഴിലുറപ്പ് പദ്ധതി താത്കാലികമായി നിർത്തിവെച്ചു.

നടപ്പു സാമ്പത്തികവർഷം 23 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ പല പദ്ധതികളും നടപ്പാക്കാതിരിക്കുന്നതായും ചെലവഴിച്ച തുകയ്ക്കനുസരിച്ച് പ്രവൃത്തി ചെയ്തില്ലെന്നും കണ്ടെത്തി. മനുഷ്യർ ചെയ്യേണ്ട ജോലികൾക്ക് യന്ത്രങ്ങൾ ഉപയോഗിക്കുക, ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമം കാണിക്കുക തുടങ്ങിയവയും കണ്ടെത്തി.

ഇതെല്ലാം കണക്കിലെടുത്താണ്, പഴയ ആവശ്യാധിഷ്ഠിത മാതൃകയിൽനിന്നു മാറി, നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഫണ്ടിങ്‌ സംവിധാനം ഏർപ്പെടുത്തിയത്. ഡിജിറ്റൽ മേൽനോട്ടം, നിർമിതബുദ്ധി അടിസ്ഥാനമാക്കിയ അഴിമതി കണ്ടെത്തൽ സംവിധാനം, വർഷത്തിൽ രണ്ടുതവണ നിർബന്ധിത സോഷ്യൽ ഓഡിറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.