വിശാഖപട്ടണം: കോടികള്‍ ചെലവഴിച്ച് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍മിച്ച മണിമാളിക വന്‍ രാഷ്ട്രീയ വിഷയമായി ടി.ഡി.പി ഉയര്‍ത്തുന്നു. റുഷികൊണ്ട ഹില്ലില്‍ കടലിന് അഭിമുഖമായി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍മിച്ച മണിമാളികയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് എ.എന്‍.ഐ. പുറത്തുവിട്ടത്. 500 കോടിയിലേറെ രൂപ ചെലവഴിച്ചാണ് കൂറ്റന്‍ ബംഗ്ലൂവ് നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് ഈ വീടിനെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ നിര്‍മിച്ച ശീഷ്മഹലിനോട് ഉപമിച്ച് വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
കെജ്‌രിവാളിനെതിരേ ഉയര്‍ന്ന ആരോപണത്തിന് സമാനമായി സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗമാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ ടി.ഡി.പിയും ഉയര്‍ത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ റിഷികൊണ്ടയില്‍ 10 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവാണ് ജഗന്‍ മോഹന്‍ റെഡ്ഡി ഓഫീസ് കം റെസിഡന്റ് ആയി ഒരുക്കിയിരിക്കുന്നത്. ആഡംബര ഫര്‍ണിച്ചറുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ തറയ്ക്കുമൊപ്പം സ്വര്‍ണ അലങ്കാരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് ഈ മാളിക ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
100 കെ.വി. വൈദ്യുത സബ് സ്റ്റേഷന്‍, വിശാലമായ റോഡ്, പ്രത്യേകം ഡ്രൈനേജ് സംവിധാനങ്ങള്‍ എന്നിവ ഈ വീടിന് മാത്രമായി ഒരുക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തലുകള്‍. വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ രാഷ്ട്രിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ വീടിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗം നടന്നിട്ടുണ്ടെന്നാണ് ഭരണകക്ഷി പ്രധാനമായും ആരോപിക്കുന്നത്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മണിമാളികയെ രാഷ്ട്രിയ ആയുധമാക്കാനുള്ള നീക്കത്തിലാണ് ടി.ഡി.പി. കെട്ടിട നിര്‍മാണത്തിന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഈ മണിമാളിക നിര്‍മിച്ചിരിക്കുന്നതെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിര്‍മിതിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയിരിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തുന്നു. ഈ വിഷയം പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
600 കോടി രൂപയാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ഈ വീടിനായി ചെലവാക്കിയിരിക്കുന്നതെന്നാണ് അഭ്യുഹങ്ങള്‍. സര്‍ക്കാര്‍ പണം ജഗന്‍ മോഹന്‍ റെഡ്ഡി വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിക്കുന്നു. എന്നാല്‍, എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വീട് നിര്‍മിച്ചിരിക്കുന്നതെന്നാണ് മുന്‍ മന്ത്രിയായിരുന്ന ഗുഡിവാഡ അമര്‍നാഥ് നല്‍കിയിട്ടുള്ള വിശദീകരണം.
Content Highlights: Andhra Pradesh former CM Jagan Mohan Reddy opulent seaside mansion faces criticism
Published: 13 Mar 2025, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented