ഹൈദരാബാദ്: തന്‍റെ സർക്കാരിന്‍റെ കാലത്ത് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിലെ സർക്കാർ ജീവനക്കാർക്ക് കോടികൾ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. സൗരോര്‍ജ ഇടപാടിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളിയ ജഗന്‍, കരാര്‍ രണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലായിരുന്നെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്.ഇ.സി.ഐ.)യുമായിട്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

To advertise here,

ഇന്ത്യയിൽ സൗരോർജക്കരാറുകൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിനു ഡോളർ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഗൗതം അദാനിയുടെയും മറ്റ് ഏഴുപേരുടെയും പേരിൽ യു.എസ്. കോടതി അഴിമതിക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുകയാണ്‌. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ച് ധനസമാഹരണം നടത്തിയെന്ന പരാതിയിൽ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും കേസെടുത്തിട്ടുണ്ട്

ഗൗതം അദാനിയും അദാനി ഗ്രീനിലെ എക്‌സിക്യുട്ടീവുകളും ഇവരുടെ പങ്കാളിത്തകമ്പനിയായ അസുര്‍ പവര്‍ ഗ്ലോബലും ചേര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും ഇത് മറച്ചുവെച്ച് അമേരിക്കന്‍ നിക്ഷേപകരെയും ബാങ്കുകളെയും കബളിപ്പിച്ച് ധനസമാഹരണം നടത്തിയെന്നുമാണ് കേസ്. 2021-ലാണ് ആന്ധ്രപ്രദേശ്, എസ്.ഇ.സി.ഐ വഴി അദാനി ഗ്രൂപ്പില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. 

ഇത്രയും കുറഞ്ഞ നിരക്കില്‍ ആന്ധ്രപ്രദേശ് മുന്‍പ് ഒരിക്കലും വൈദ്യുതി വാങ്ങിയിട്ടില്ലെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. എല്ലാം കേട്ടുകേഴ്‌വിയാണ്. താനോ മറ്റുള്ളവരോ കൈക്കൂലി വാങ്ങിയെന്ന് ആരും പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിലെ കുറ്റപത്രത്തില്‍ തന്റെ പേരില്ല.

ഗൗതം അദാനിയും താനുമായി നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ചും ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചു. അദാനിയുടെ സന്ദര്‍ശനത്തില്‍ സാധാരണയില്‍ കവിഞ്ഞൊന്നുമില്ല. അഞ്ചുവര്‍ഷ ഭരണകാലത്ത് അദാനി തന്നെ പലകുറി സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിക്കുന്നത്.