കൊച്ചി: നവീൻ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതിനു പിന്നാലെ അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ച് പി.പി. ദിവ്യ. "അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകൾ". ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
65 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒക്ടോബർ 27 മുതൽ നവംബർ 2 വരെ വിജിലൻസ് സംഘടിപ്പിക്കുന്ന അഴിമതിക്കെതിരെയുള്ള ബോധവൽക്കരണ വാരവുമായി ബന്ധപ്പെട്ട വീഡിയോയ്ക്കൊപ്പമായിരുന്നു കുറിപ്പ്.
കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് കുടുംബം ഹർജി നൽകിയത്. പത്തനംതിട്ട സബ്‌കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ദിവ്യയ്ക്കും പ്രശാന്തിനും സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് കോടതി നിർദേശം.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തലേദിവസം കണ്ണൂർ കളക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാൾ തയ്യാറായതുമില്ല. ഇതെല്ലാമാണ് പ്രശാന്തന്റെ പേരിലുള്ള ആരോപണം.നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കാണിച്ചിട്ടുണ്ട്. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: PP Divya`s Facebook post on corruption and `sanitizing corrupt individuals` gains traction following a compensation plea by Naveen Babu`s family. Details inside.
Published: 26 Oct 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented