മുംബൈ: മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അഭിമാനകരമെന്നും ചരിത്രപരമെന്നുമാണ് ഈ വാർത്തയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചത്.
ഛത്രപതി ശിവാജി മഹാരാജിന്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. 350 വർഷങ്ങൾക്ക് മുമ്പ്, 1674 ജൂൺ ആറിനായിരുന്നു ശിവാജി മഹാരാജിന്റെ പട്ടാഭിഷേകം നടന്നത്. ജൂതന്മാർ പുറംലോകത്ത് നിന്ന് ഭീഷണികൾ നേരിട്ടിരുന്ന കാലത്ത്, പീഡനങ്ങൾ നേരിടാതെ അവർ താമസിച്ചിരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.
നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ ഇവർ തദ്ദേശീയ ഭാഷയും സംസ്‌കാരവും സ്വീകരിക്കുകയും അതോടൊപ്പംതന്നെ തങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും പ്രാദേശിക സമൂഹത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്തു. ശിവാജിയുടെ സൈന്യത്തിൽ ചേർന്ന് പോരാടിയ ഇവർ പിൽക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലും സജീവമായിരുന്നു. നിലവിൽ ഇസ്രയേലിൽ സ്ഥിരതാമസമാക്കിയ ഈ വിഭാഗം രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായാണ് ഈ പ്രതിമാ നിർമാണത്തെ കാണുന്നത്.
ഭാരതത്തോടുള്ള ജൂതസമൂഹത്തിന്റെ ആദരവും പങ്കുവെക്കപ്പെട്ട വീരചരിത്രവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൊങ്കൺ തീരത്തെ മറാഠി സംസാരിക്കുന്ന ബെനെ ഇസ്രയേൽ സമൂഹം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലൂടെ സഞ്ചരിച്ചിരുന്ന ജൂത വ്യാപാരികൾ വരെ, ഇന്ത്യയും ജൂത ജനതയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇപ്പോൾ ഇസ്രയേലിൽ ശിവാജി പ്രതിമ സ്ഥാപിക്കുന്നതോടെ, മറാത്ത സാമ്രാജ്യവും ഛത്രപതി ശിവാജി മഹാരാജുമായി ബന്ധപ്പെട്ട പങ്കിട്ട ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഒരു അധ്യായത്തിലേക്കാണ് വെളിച്ചം വീശുന്നത്. 'മഹാരാജിന്റെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയിൽ സ്മാരകം നിർമിക്കുന്നതിന് ഞങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹകരണം തേടുകയും അദ്ദേഹം അത് ഉടൻ തന്നെ സമ്മതിക്കുകയും ചെയ്തു.' മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ യാനിവ് റെവാച്ച് പറഞ്ഞു.
'ഇസ്രയേലിലെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ശക്തമായ അടയാളമായി വർത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മഹാരാഷ്ട്രയും ഇന്ത്യൻ ജൂത സമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സ്മാരകം അങ്ങേയറ്റം അർത്ഥവത്തായിരിക്കും. ഈ സമൂഹത്തിലെ പലരുടെയും പിൻഗാമികൾ ഇന്ന് ഇസ്രയേൽ സമൂഹത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്നുണ്ട്.' ഫഡ്നാവിസിന് അയച്ച കത്തിൽ റെവാച്ച് വ്യക്തമാക്കി.
'ഈ സംരംഭത്തിന് മഹാരാഷ്ട്ര സർക്കാരിന്റെ പിന്തുണയും മാർഗനിർദേശവും ഞാൻ ആദരപൂർവ്വം അഭ്യർത്ഥിക്കുന്നു. ചരിത്രപരമായ പരാമർശങ്ങൾ, കലാപരമായ ഉപദേശം, രൂപകൽപ്പനയിലെ കാര്യങ്ങൾ, ഈ പ്രധാനപ്പെട്ട പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന മറ്റേതൊരു സഹായത്തിനും മഹാരാഷ്ട്ര സർക്കാരുമായി സഹകരിക്കാനുള്ള അവസരത്തെ ഞങ്ങൾ നന്ദിയോടെ സ്വീകരിക്കും.' അദ്ദേഹം പറഞ്ഞു.
'അടുത്ത ഘട്ടത്തിൽ നമുക്കിതൊരു ജനകീയ പദ്ധതിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സംരംഭം നമ്മുടെ ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മഹാരാഷ്ട്രയെയും ഇസ്രായേലിനെയും നിർവചിക്കുന്ന ധീരത, നേതൃത്വം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾക്കുള്ള ശാശ്വതമായ ആദരമായി നിലകൊള്ളുമെന്നും എനിക്ക് ഉറപ്പുണ്ട്.' റെവാച്ച് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
ബെനെ ഇസ്രയേൽ (Bene Israel) സമൂഹത്തെയാണ് മഹാരാഷ്ട്രയിൽ 'ശനിവാർ തേലി' (Shanivar Teli) എന്ന് വിളിച്ചിരുന്നത്. കൊങ്കൺ മേഖലയിൽ സ്ഥിരതാമസമാക്കിയ ഈ സമൂഹം പ്രധാനമായും എണ്ണയാട്ടുന്ന തൊഴിലിലായിരുന്നു (oil-pressing) ഏർപ്പെട്ടിരുന്നത്. പ്രാദേശികമായി എണ്ണയാട്ടുന്നവരെ വിളിച്ചിരുന്ന പേരാണ് 'തേലി'.
ജൂത മതവിശ്വാസപ്രകാരം ശനിയാഴ്ച വിശുദ്ധമായ 'സാബത്ത്' (Sabbath) ദിവസമായി ഇവർ ആചരിച്ചിരുന്നു. അതിനാൽ ശനിയാഴ്ചകളിൽ ഇവർ ജോലിയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുമായിരുന്നു. ശനിയാഴ്ചകളിൽ ജോലി ചെയ്യാത്ത എണ്ണയാട്ടുകാർ എന്ന നിലയിലാണ് ഇവർക്ക് 'ശനിവാർ തേലികൾ' (Saturday oil-pressers) എന്ന പേര് ലഭിച്ചത്.
മഹാരാഷ്ട്രയിലെ സാമൂഹിക പശ്ചാത്തലത്തിൽ മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട എണ്ണയാട്ടുകാരിൽ നിന്നും ഇവരെ തിരിച്ചറിയാൻ ഈ പേര് സഹായിച്ചിരുന്നു. തിങ്കളാഴ്ചകളിൽ വിശ്രമമെടുത്തിരുന്ന ഹിന്ദു എണ്ണയാട്ടുകാരെ 'സോംവാരി തേലികൾ' (Somwari Telis) എന്നും, വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്ക്കായി ഒഴിവെടുത്തിരുന്ന മുസ്ലീം എണ്ണയാട്ടുകാരെ 'ശുക്രവാർ തേലികൾ' (Shukrawar Telis) എന്നുമാണ് വിളിച്ചിരുന്നത്. ഇത്തരത്തിൽ തങ്ങളുടെ മതപരമായ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ഇവർ പ്രാദേശിക സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറി.
Content Highlights: Israel plans to install a statue of Chhatrapati Shivaji Maharaj to celebrate historical ties. The initiative highlights the peaceful coexistence of the Jewish community in India. Collaboration between the Consulate General of Israel and the Maharashtra government is underway. The statue serves as a symbol of shared values of leadership, courage, and mutual respect.
Published: 09 Jun 2026, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented