ന്യൂഡൽഹി: 1984 ൽ നടത്തിയ ആഭ്യന്തര സൈനികനടപടിയായ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ആ തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒറ്റയ്ക്കെടുത്തതല്ലെന്ന് പറഞ്ഞ ചിദംബരം അതിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവൻ തന്നെ വിലയായി നൽകേണ്ടി വന്നുവെന്നും കൂട്ടിച്ചേർത്തു. 1984 ജൂൺ ഒന്നുമുതൽ 10 വരെയാണ് ഈ സൈനിക നടപടി നീണ്ടുനിന്നത്.
“ഒരു സൈനിക ഉദ്യോഗസ്ഥരോടും അനാദരവില്ല, പക്ഷേ സുവർണ്ണക്ഷേത്രം തിരിച്ചുപിടിക്കാൻ അത് തെറ്റായ മാർഗമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ പുറത്തുനിർത്തിക്കൊണ്ട് അത് തിരിച്ചുപിടിക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുകൊടുത്തു. ബ്ലൂ സ്റ്റാർ ഒരു തെറ്റായ വഴിയായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവൻ വിലയായി നൽകേണ്ടി വന്നു എന്ന് ഞാൻ സമ്മതിക്കുന്നു.” - കസൗളിയിൽ നടന്ന ഒരു സാഹിത്യോത്സവത്തിൽ ചിദംബരം പറഞ്ഞു.
അത് സൈന്യം, പോലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവിൽ സർവീസ് എന്നിവരുടെയെല്ലാം കൂട്ടായ തീരുമാനമായിരുന്നു. അതിന്റെ കുറ്റം ഇന്ദിരാ ഗാന്ധിയുടെ മേൽ മാത്രം ചുമത്താൻ കഴിയില്ലെന്നും മുൻ ധനമന്ത്രി പറഞ്ഞു.
ഇന്ന് പഞ്ചാബിൽ ഖാലിസ്ഥാന് വേണ്ടിയുള്ള മുറവിളികൾ വലിയൊരളവിൽ ഇല്ലാതായതായും സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തെ പ്രധാന പ്രശ്നമെന്നും ചിദംബരം കൂട്ടിച്ചേർത്തു. "ഖാലിസ്ഥാന് വേണ്ടിയുള്ളതോ വിഘടനവാദത്തിനുള്ളതോ ആയ മുറവിളികൾ പ്രായോഗികമായി അവസാനിച്ചു എന്നാണ് എന്റെ പഞ്ചാബ് സന്ദർശനങ്ങൾ എന്നെ ബോധ്യപ്പെടുത്തിയത്. യഥാർഥ പ്രശ്നം സാമ്പത്തിക സാഹചര്യമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്,"- അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന ഖലിസ്താൻ വിഘടനവാദ നേതാവ് ജർണെയിൽ സിങ് ഭിന്ദ്രൻവാലയെയും അനുയായികളെയും ഒഴിപ്പിക്കാൻ നടത്തിയ നിർണായക നീക്കമായിരുന്നു അത്.
ഖലിസ്താൻ എന്ന പേരിൽ സിഖ് പരമാധികാരമുള്ള രാജ്യം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. 1984 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ സുവർണക്ഷേത്രസമുച്ചയത്തിൽ ത്രിവർണ പതാകയ്ക്ക് പകരം ഖലിസ്താൻ പതാകയാണുയർത്തിയത്. സിഖ് പരമാധികാരമുള്ള രാഷ്ട്രം വേണമെന്നാവശ്യപ്പെട്ട് 1984 ജൂൺ മൂന്നിന് പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങി. അങ്ങനെയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ഉത്തരവാകുന്നത്.
സുവർണക്ഷേത്രസമുച്ചയത്തിൽനിന്ന് ഭിന്ദ്രൻവാലയെയും കൂട്ടാളികളെയും പുറത്താക്കാൻ ഓപ്പറേഷൻ മെറ്റൽ, പഞ്ചാബിലെങ്ങും ഭീകരവാദികളെ തുരത്താൻ ഓപ്പറേഷൻ ഷോപ്പ്, അതിർത്തികളിൽ വളഞ്ഞുള്ള ഓപ്പറേഷൻ വുഡ്‌റോസ് എന്നിവ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായിരുന്നു. ഒടുവിൽ സുവർണക്ഷേത്രത്തിൽ യുദ്ധസന്നാഹങ്ങളോടെ കയറിയാണ് സൈന്യം ഭിന്ദ്രൻവാലയെയും കൂട്ടരെയും വധിച്ചത്. ഔദ്യോഗികരേഖകൾപ്രകാരം ഓപ്പറേഷനിൽ 83 സൈനികർക്ക് ജീവൻനഷ്ടമായി. ഖലിസ്താൻവാദികളും പൊതുജനങ്ങളുമടക്കം അഞ്ഞൂറിലേറെപ്പേർ മരിച്ചെന്നുമാണ് സർക്കാർ കണക്കുകൾ.
Content Highlights: Indira Gandhi Paid With Her Life For Op Blue Star Mistake says P Chidambaram
Published: 12 Oct 2025, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented